യു.എസ്. പൗരത്വത്തിലേക്കുള്ള വിദേശ തൊഴിലാളികളുടെ പ്രധാന മാർഗ്ഗങ്ങളിലൊന്നായ എച്ച്-1ബി വീസ പദ്ധതി പൂർണ്ണമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി റിപ്പബ്ലിക്കൻ പാർട്ടി അംഗം മാജറി ടെയ്‌ല ഗ്രീൻ. ഈ പദ്ധതി നിർത്തലാക്കുന്നതിലൂടെ, എച്ച്-1ബി വീസ വഴി യു.എസിലെത്തുന്ന വിദേശികൾക്ക് പൗരത്വം നേടാനുള്ള വഴി അടയുമെന്നാണ് ഗ്രീൻ വ്യക്തമാക്കുന്നത്.
നിലവിലെ നിയമം മാറ്റി, ജോലിക്ക് യു.എസിൽ എത്തുന്ന വിദേശികൾ വീസ കാലാവധി കഴിയുമ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണം എന്നതാണ് ബില്ലിന്റെ പ്രധാന ആവശ്യം. എച്ച്-1ബി വീസയുടെ യഥാർത്ഥ ലക്ഷ്യം “താൽക്കാലികമായിരിക്കണം” എന്നതായിരുന്നുവെന്നും, ആളുകളെ യു.എസിൽ സ്ഥിരമായി താമസിക്കാൻ അനുവദിക്കരുത് എന്നുമാണ് ഗ്രീനിന്റെ നിലപാട്. ഈ വീസ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അമേരിക്കൻ പൗരന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും അവർ ആരോപിക്കുന്നു. പുതിയ ബിൽ മറ്റ് തൊഴിൽ മേഖലകളിലുള്ള വിദേശ തൊഴിലാളികളുടെ അവസരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കും.
ഗ്രീനിന്റെ ബില്ലിൽ ഒരു ഇളവ് മാത്രമാണ് അനുവദിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ പ്രൊഫഷണലുകൾക്ക് പ്രതിവർഷം 10,000 വീസകൾ എന്ന പരിധിയിൽ താൽക്കാലികമായി ഇളവ് നൽകും. എന്നാൽ, യു.എസ്. മെഡിക്കൽ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഈ 10,000 വീസയുടെ പരിധി പോലും 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കും.
പ്രധാനമായും സാങ്കേതിക മേഖലയിലും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകളാണ് എച്ച്-1ബി വീസ ഉടമകളിൽ വലിയൊരു വിഭാഗം. ഈ വീസ ലഭിക്കുന്നവർക്ക് സ്ഥിരം താമസാനുമതിക്കായി (ഗ്രീൻ കാർഡ്) അപേക്ഷിക്കാനും തുടർന്ന് യു.എസ്. പൗരത്വം നേടാനും സാധിച്ചിരുന്നു. പുതിയ നിയമം വന്നാൽ, ഈ പൗരത്വ സാധ്യത പൂർണ്ണമായും ഇല്ലാതാകും. നിലവിൽ പ്രതിവർഷം 65,000 സാധാരണ എച്ച്-1ബി വീസകളും ഉന്നത ബിരുദമുള്ളവർക്ക് 20,000 വീസകളുമാണ് യു.എസ്. അനുവദിക്കുന്നത്.
















