ചങ്ങനാശേരി: റവന്യൂ ടവറിലെ ലിഫ്റ്റുകൾ നിരന്തരം തകരാറിലാകുന്നതിനെതിരെ വ്യത്യസ്തമായ പ്രതിഷേധരൂപം ശ്രദ്ധേയമാകുന്നു. ലിഫ്റ്റ് പ്രവർത്തനരഹിതമാകുന്ന ദിവസങ്ങളിൽ അതിന്റെ മുന്നിൽ രണ്ട് പുഷ്പചക്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ ടവറിലെ പുതിയ ‘സൂചനാ ബോർഡ്’പോലെ മാറിയിരിക്കുകയാണ്.
അടുത്തിടെ ടവറിലെ ലിഫ്റ്റിന്റെ തുടർച്ചയായ തകരാറിനെതിരെ കെഡിപി ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ലിഫ്റ്റിന് മുമ്പിൽ പുഷ്പചക്രം വച്ച് നടത്തിയത് പ്രതീകാത്മക പ്രതിഷേധമായിരുന്നു. പ്രതിഷേധം ഒരു ദിവസം മാത്രം നീണ്ടുവെങ്കിലും, പുഷ്പചക്രത്തിന്റെ സാന്നിധ്യം റവന്യൂ ടവറിൽ സ്ഥിരദൃശ്യം ആയി. ഇപ്പോൾ ലിഫ്റ്റ് വീണ്ടും തകരാറിലാവുന്ന ദിവസങ്ങളിൽ അനാമികർ പുഷ്പചക്രം വച്ച് പോകുന്നതായി ജീവനക്കാർ പറയുന്നു.
പുഷ്പചക്രം കാണുമ്പോൾ ആളുകൾ ലിഫ്റ്റ് പരിശോധിക്കാതെ നേരെ പടിവാതിൽ കയറുകയാണ് പതിവായിരിക്കുന്നത്. കാരണം ടവറിലെ മൂന്നു ലിഫ്റ്റുകളിൽ രണ്ടെണ്ണം വർഷങ്ങളായി പ്രവർത്തനരഹിതമാണ്; ഏക പ്രവർത്തനക്ഷമമായിരുന്ന ലിഫ്റ്റും വീണ്ടും വീണ്ടും തകരാറിലാകുന്നത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാഴ്ത്തുന്നു.
സപ്ലൈ ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.ടി. ഓഫീസ് എന്നിവ മുകൾ നിലകളിൽ പ്രവർത്തിക്കുന്നതിനാൽ ലിഫ്റ്റ് പണിമുടക്കുമ്പോൾ പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വലിയ ബുദ്ധിമുട്ടാണ്. അടുത്തിടെ സപ്ലൈ ഓഫിസിലേക്ക് എത്തിയ ചിലർ ലിഫ്റ്റിലകപ്പെട്ട സംഭവവും ജീവനക്കാർ ഓർമ്മിപ്പിക്കുന്നു.
ടവറിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തിൽ ഗുരുതരമായ വീഴ്ചയാണിതെന്ന് സന്ദർശകരും ജീവനക്കാരും ചൂണ്ടിക്കാണിക്കുന്നു.
















