ചെങ്ങന്നൂർ: നൂറ്റവൻപാറ ശുദ്ധജലപദ്ധതിയുടെ പൈപ്പ്‌ലൈനിൽ നിന്ന് ചത്ത പാമ്പ് കണ്ടെത്തിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. ഇന്ന് രാവിലെയാണ് അങ്കണവാടിക്കടുത്തുള്ള പൊതുടാപ്പിൽ വെള്ളം വരാതെ വന്നതോടെ നാട്ടുകാർ പൈപ്പ് തുറന്നു പരിശോധിച്ചത്. ടാപ്പ് തുറന്നപ്പോൾ പുറത്തായത് വെള്ളമല്ല പൈപ്പിനുള്ളിൽ കുരുങ്ങി മരിച്ച ഒരു പാമ്പാണ്.
പ്രദേശത്തെ ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്ന ടാങ്കും പമ്പ് കിണറും ഇപ്പോൾ അസഹ്യദുര്‍ഗന്ധത്തിന്റെ ഉറവിടമായിരിക്കുകയാണ്. ടാങ്കിന് കീഴിലെ പമ്പ് കിണറിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതും, കിണറിനോട് ചേർന്ന് കാട് വളർന്ന് കിടക്കുന്നതും സാഹചര്യം കൂടുതൽ വഷളാക്കുന്നു.
പുലിയൂർ പഞ്ചായത്ത്–ജല അതോറിറ്റി സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ കൂടുതൽ വീടുകൾക്ക് കണക്ഷൻ നൽകി കൊണ്ടിരിക്കുമ്പോഴാണ് ശുദ്ധജലം ലഭിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധിക്കാനിടയാക്കുന്നത്.
“പദ്ധതി ശുദ്ധജലം നൽകാനല്ല, ശുദ്ധമലിനജലം നൽകാനാണെന്നോ?” എന്നതാണ് നാട്ടുകാരുടെ ചോദ്യം.
















