ബീഹാര്‍ തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന കുറേ ചോദ്യങ്ങളുണ്ട്. അതിന്റെ ഉത്തരങ്ങള്‍ അന്വേഷിക്കുകയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും. ജനവിധിയെ മാനിക്കുന്നുണ്ട് എങ്കിലും തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെപി നടത്തിയ വോട്ടു ചോരിയും, തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ ഇ.വി.എം മെഷീന്‍ സൂക്ഷിച്ചിരുന്ന സ്‌ട്രേംഗ് റൂമിന് ജനങ്ങള്‍ കാവല്‍ നിന്നതും മറക്കാനാവില്ല. വിജയത്തില്‍ കുറഞ്ഞതൊന്നും ബാഹാറില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഇരു സഖ്യങ്ങളും കണക്കു കൂട്ടിയെങ്കിലും സംഭവിച്ചത് എന്താണെന്ന് ഇനിയേ മനസ്സിലാക്കാനാവൂ. എങ്കിലും പല കോണുകളില്‍ നിന്നു അബിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് കോണ്‍സ് ഹാന്റിലുകളില്‍ നിന്നും. അതില്‍ ചിലത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടുകളെ തുറന്നു കാട്ടുന്നവയാണ്. അതില്‍ ഒന്ന് ഇങ്ങനെയാണ്.
SIR മറയാക്കി 65,64,075 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തും ബിജെപി സഖ്യകക്ഷിയായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്തുകളിയും വിധി നിര്‍ണ്ണയിച്ച ബീഹാറില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി മുഴുവന്‍ സീറ്റിലും ഒവൈസിയുടെ എഐഎംഐഎം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും മത്സരിച്ച് മതേതര വോട്ടുകള്‍ വിഭജിച്ച് മോദി-നിതീഷ് സഖ്യത്തിന് രഹസ്യ സഹായം ചെയ്തപ്പോള്‍ ഭരണ വിരുദ്ധതയുടെ ജനഹിതം പലയിടത്താക്കി കൊടുത്തു. സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 1.21 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എന്‍.ഡി.എ സര്‍ക്കാര്‍ 10,000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവും രാഷ്ട്രീയ സാക്ഷരത വേണ്ടത്രയില്ലാത്ത പാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ടാകാം.
സാഹചര്യത്തിനൊത്ത് ഉണര്‍ന്ന് ചിന്തിക്കാന്‍ ശേഷിയില്ലാത്ത ചിലര്‍ സീറ്റ് പങ്കുവയ്ക്കല്‍ തര്‍ക്കത്തില്‍ പരസ്പരം മത്സരിച്ചത് മേല്‍പ്പറഞ്ഞ യഥാര്‍ത്ഥ കാരണങ്ങളെ മറച്ചു പിടിക്കാന്‍ NDAക്ക് സഹായകരമായി. ഇനിയും സത്യം ഉറപ്പാക്കിയിട്ടില്ലാത്ത ഈ തിരഞ്ഞെടുപ്പ് വിശകലനത്തിനിടയില്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്സിന്റേയും ആര്‍ജെഡിയുടേയും, മല്ലികാര്‍ജുന്‍ ഖാര്‍ഗേയും, രാഹുല്‍ ഗാന്ധിയും, തേജസ്വി യാദവും, പ്രിയങ്കാ ഗാന്ധിയും, കെ.സി വേണുഗോപാലും അടക്കമുള്ള ദേശീയ നേതാക്കളുടേയും വകതിരിവുള്ള കുറേയധികം പ്രാദേശീയ നേതാക്കളുടേയും അദ്ധ്വാനവും കാണാതെ പോകരുത്. വോട്ട് ചോരി വിരുദ്ധ പ്രക്ഷോഭങ്ങളുമായി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയുടെ കരുത്തുറ്റ പ്രചരണത്തിന്റെ യുവജന-പൊതുജന ഹിതവും വെറുതെയങ്ങ് ഇല്ലാതാകുമോ? സംശയങ്ങള്‍ ബാക്കിയാണ്.
കാരണം, ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ പോലും വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടുകള്ളന്‍ എന്നാക്ഷേപിച്ച് ആട്ടിപായിച്ച ജനക്കൂട്ടം അവരെത്തന്നെ വീണ്ടും തിരഞ്ഞെടുത്തുവെന്നത് സംശയകരമാണ്. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും ഉത്തര്‍പ്രാദേശിലേയും മറ്റ് പല സംസ്ഥാനങ്ങളിലേയും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലേയും ഫലം വന്നപ്പോഴും അവലോകനങ്ങള്‍ ഇന്നത്തേതിന് സമാനമായിരുന്നു. മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം വോട്ടുകൊള്ളയുടെ സത്യാവസ്ഥ പുറത്ത് വന്നപ്പോള്‍ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി ഒളിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും മോഷ്ടിച്ചെടുത്ത വിജയത്തില്‍ മേനി നടിക്കുന്ന മോദി സര്‍ക്കാരും ഇന്ത്യന്‍ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നു.
വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഇതാണെന്നിരിക്കെ സംഘപരിവാറിനോട് സന്ധിയില്ലാതെ പോരാടുന്ന രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനേയും വിലകുറച്ചു കാണുന്ന ഒരവലോകനവും സത്യസന്ധമായിരിക്കില്ല എന്ന് ഉറപ്പാണ്. ‘സത്യമേവ ജയതേ’എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വരാണസിയിലെ മോദിയുടെ വിജയം പോലും സംശയക്കപ്പെടുന്ന കാലത്ത്, വ്യാജ ഡിഗ്രിയുടേയും വ്യാജ വിജയത്തിന്റെയും മാത്രം മേനി നടിക്കുന്നവരുടെ വിജയങ്ങള്‍ ഒന്നുമല്ല. എത്ര പരാജയങ്ങള്‍ ഏറ്റുവാങ്ങിയാലും, ഈ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ പാകപ്പിഴകള്‍ മുതലാക്കിയും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സഖ്യകക്ഷിയാക്കിയും സകലവിധ അട്ടിമറിയും നടത്തിക്കൊണ്ട് അവര്‍ ജയിക്കുമ്പോഴൊക്കെ സന്ധിയില്ലാതെ പോരാടാന്‍ ആര്‍ജ്ജവമുള്ള രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരനാണ് ഞാന്‍.
കോണ്‍ഗ്രസ് ആയതില്‍ ഇപ്പോഴും അഭിമാനം മാത്രമേയുള്ളൂ. എത്ര തോറ്റാലും നാവുയര്‍ത്തുന്നത് സത്യം പറയാന്‍ ആയിരിക്കുമെന്ന് പൂര്‍ണ്ണ ബോധ്യമുള്ള നേതാവിന്റെ പിന്നില്‍ അണിനിരക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ ശേഷിയെന്താണുള്ളത് ഇന്നത്തെ ഇന്ത്യയില്‍?. തട്ടിയെടുക്കുന്ന കേവല ജയങ്ങള്‍ക്കപ്പുറം സത്യസന്ധമായ ജനാധിപത്യ പ്രക്രിയയാണ് ഈ രാജ്യത്തിനാവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റേയും ബിജെപിയുടേയും സഖ്യം വിജയിക്കുമ്പോള്‍ ബീഹാറില്‍ തോറ്റത് ജനങ്ങളാണ്, ഇന്ത്യന്‍ ജനാധിപത്യമാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ കോടതികള്‍ക്ക് പോലും സമയമില്ലാത്തപ്പോള്‍ പലവട്ടം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ജനഹിതം തന്നെയാണ്.
രണ്ടാമത്തേ പോസ്റ്റ് ഇതാണ്
EVM കള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്ക് ജനങ്ങള്‍ കാവല്‍ നില്‍ക്കുന്ന രാജ്യമാണിത്. ബീഹാറില്‍ രാത്രി മൂന്ന് മണിക്ക് ഒരു ലോഡ് വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വന്നത് എവിടെ നിന്നാണ്? ആരാണ് കൊണ്ട് വന്നത്?. ജനങ്ങള്‍ പിടികൂടിയത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിഞ്ഞത്?. ജനങ്ങളുടെ ശ്രദ്ധയില്‍ പെടാതെ വേറെ എവിടെയെല്ലാം ലോഡ് വന്നിട്ടുണ്ട്?. സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഓഫായിപ്പോകുന്നത് എങ്ങനെയാണ്?. ഒന്നോ രണ്ടോ ആണെങ്കില്‍ കേട് വന്നതാണ് എന്ന് കരുതാം. എല്ലാ സിസി ടിവികളും ഒന്നിച്ച് ഓഫായിപ്പോവുകയും, പല കേന്ദ്രങ്ങളിലും ഇതാവര്‍ത്തിക്കുകയും പ്രതിപക്ഷ നേതാക്കള്‍ക്ക് അക്കാര്യം പത്രസമ്മേളനം വിളിച്ച് പറയുകയും ചെയ്യേണ്ട സാഹചര്യം എങ്ങനെയാണ് ഉണ്ടാകുന്നത്?.
വോട്ട് ചെയ്യാനെത്തിയ നിരവധി പേരെ ബലമായി കൈ വിരലില്‍ മഷി തേച്ച ശേഷം ഓടിച്ചു വിട്ടതായി ഇരകളാക്കപ്പെട്ട മനുഷ്യര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കരഞ്ഞു പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന പരിപാടിയാണ്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഇന്ന് ബീഹാറില്‍ വോട്ടെണ്ണുകയാണ്. റഷ്യയിലും ചൈനയിലുമൊക്കെ നടക്കുന്ന പോലെ ഭരിക്കുന്ന പാര്‍ട്ടി 99.99 ശതമാനം വോട്ട് നേടി വിജയിക്കുന്ന പുഷ്‌കര കാലത്തിന് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ് ഇന്ത്യ.
content high lights; Is there any doubt left in Bihar?: It is doubtful that the people who called the sitting BJP MLA a voter fraudster won again; We cannot forget the vote rigging and the people guarding the EVM machines
















