ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‍ലോട്ട്. സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 രൂപയാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് മൗനം പാലിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ (MMRY) പദ്ധതിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ നിക്ഷേപിച്ചുവെന്നായിരുന്നു എൻ.ഡി.എ.യുടെ അവകാശവാദം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരത്തിൽ പണം വിതരണം ചെയ്തപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ചക്കാരായി നിന്നുവെന്നും, ഇതൊരുതരം വോട്ട് മോഷണമാണ് എന്നും ഗെഹ്‍ലോട്ട് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 26-നാണ് എം.എം.ആർ.വൈ. പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൃത്യം പത്ത് ദിവസത്തിന് ശേഷം, ഒക്ടോബർ 6-ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വനിതാ ഗുണഭോക്താക്കൾക്ക് 10,000 രൂപ നൽകിയത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആർ.ജെ.ഡി.യും കോൺഗ്രസും അന്ന് തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം, 67.13 ശതമാനം എന്ന റെക്കോഡ് പോളിങ് ആണ് ബിഹാറിൽ രേഖപ്പെടുത്തിയത്.
















