മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഏറെ പിന്നാക്കം പോയി. രണ്ടക്കം തികയ്ക്കാതെ കോൺഗ്രസ് തകർന്നടിഞ്ഞു. ബിഹാറിന് ശേഷം ബംഗാളെന്നാണ് ബിജെപി പ്രഖ്യാപനം.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള സോഷ്യലിസ്റ്റ് ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയെന്നത് ബിജെപിയുടെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2020ൽ 74 സീറ്റാണ് ബിജെപി നേടിയത്. 75 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ പാർട്ടിയായി. ഇരട്ട എൻജിൻ സർക്കാരെന്ന ദൗത്യവുമായി എത്തിയപ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രചാരണം ബിഹാറിൽ ഫലം കണ്ടു. മോദി ഇഫക്ട് , ബിഹാറിലും മേൽക്കൈ നൽകിയെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന എക്സിറ്റ് പോൾ ഫലം യാഥാർഥ്യമായി. ഹിന്ദു മുന്നാക്ക വോട്ടുകളുടെ ഏകീകരണം ഉൾപ്പെടെ ബിജെപിക്ക് ഗുണം ചെയ്തു. 2020ൽ 43 സീറ്റ് മാത്രമാണ് ജെഡിയു നേടിയതെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി സമ്മതം മൂളി.
സുശീൽ കുമാർ മോദിയെപ്പോലെ ജനസമ്മിതിയുള്ള നേതാക്കളുടെ അഭാവം തിരിച്ചടിയാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കളുടെ പ്രചാരണപ്രവർത്തനങ്ങൾ ബിജെപിയെ തുണച്ചു.
















