ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക തകർന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സിൽ നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന നിലയിലാണ്. യുവ ഇന്ത്യൻ ടീമിനെ നയിക്കുന്ന ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങൾ പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി. ട്രിസ്റ്റൺ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവരാണ് ക്രീസിൽ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡൻ മാർക്രവും റയാൻ റിക്കിൾട്ടണും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം റിക്കിൾട്ടൺ (23) പുറത്തായി. പിന്നാലെ മാർക്രത്തെയും (3) കൂടാരം കയറ്റി ജസ്പ്രീത് ബുംറ ഇന്ത്യക്ക് ആധിപത്യം നൽകി. നായകൻ തെംബ ബാവുമ (3) വേഗം മടങ്ങിയതോടെ പ്രോട്ടീസ് ബാറ്റിങ് തകർന്നു. മുൾഡർ, ടോണി ഡി സോർസി (24 റൺസ് വീതം), കൈൽ വെറെയ്ൻ (16), മാർക്കോ യാൻസൻ (0) എന്നിവർക്ക് ക്രീസിൽ ഉറച്ചുനിൽക്കാനായില്ല. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
കഴിഞ്ഞ തവണ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാൽ, ഇന്ത്യയിൽ കഴിഞ്ഞ രണ്ട് തവണ പര്യടനത്തിനെത്തിയപ്പോഴും ദയനീയമായി പരാജയപ്പെട്ട (3-0) ചരിത്രം അവർക്കുണ്ട്. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചതിന്റെ (2-0) ആത്മവിശ്വാസത്തിലാണ് ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യൻ ടീം ഇറങ്ങിയത്. പരിക്ക് മാറിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, യുവതാരം ധ്രുവ് ജുറേൽ എന്നിവർ ഇന്ത്യൻ നിരയിലുണ്ട്. തെംബ ബാവുമയുടെ ദക്ഷിണാഫ്രിക്ക, പാകിസ്താനെതിരെ 1-1ന് സമനില നേടിയശേഷമാണ് ഇന്ത്യയിൽ കളിക്കാനെത്തിയത്.
ദക്ഷിണാഫ്രിക്ക ടീം: എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൺ, വിയാൻ മുൾഡർ, തെംബ ബാവുമ, ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്ൻ, സൈമൺ ഹാർമർ, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.
ഇന്ത്യ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
















