മകനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള വൻ സൈബർ തട്ടിപ്പ് ശ്രമം പത്തനംതിട്ട കിടങ്ങന്നൂരിലെ ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. അടിയന്തരമായി പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയ 70 വയസ്സുകാരന്റെ പരിഭ്രാന്തി നിറഞ്ഞ പെരുമാറ്റമാണ് തട്ടിപ്പ് സംഘത്തിന്റെ നീക്കത്തെ തിരിച്ചറിയാൻ ബാങ്ക് അധികൃതരെ സഹായിച്ചത്.
മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പുസംഘം വയോധികനെ സമീപിച്ചത്. ഈ ‘വെർച്വൽ അറസ്റ്റ്’ ഭീഷണിയിൽ പരിഭ്രാന്തനായ അദ്ദേഹം രാവിലെ പത്ത് മണിയോടെ ബാങ്കിലെത്തി 45 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വീട്ടാവശ്യത്തിനാണ് പണം എന്നാണ് ആദ്യം പറഞ്ഞതെങ്കിലും, പെട്ടെന്നുള്ള ഈ മാറ്റത്തിൽ ജീവനക്കാർക്ക് സംശയം തോന്നി. അക്കൗണ്ടിലേക്ക് പണം മാറ്റിയ ശേഷം തിരികെ വീട്ടിലേക്ക് പോയ വയോധികൻ, ഉടൻ തന്നെ മുംബൈയിലെ ‘അമിക്കോ മറൈൻ സർവീസ്’ എന്ന അക്കൗണ്ടിലേക്ക് 45 ലക്ഷം അയയ്ക്കാൻ ആവശ്യപ്പെട്ട് വീണ്ടും ബാങ്കിൽ എത്തുകയായിരുന്നു.
വീണ്ടും ചോദ്യം ചെയ്തപ്പോൾ മുംബൈയിൽ സ്ഥലം വാങ്ങാനാണ് പണം എന്ന മറുപടി നൽകിയതോടെ ബാങ്ക് അധികൃതർക്ക് സംശയം ഇരട്ടിയായി. പണം അയയ്ക്കാൻ ബാങ്ക് ജീവനക്കാർ മടിച്ചപ്പോൾ വയോധികൻ വീണ്ടും വീട്ടിലേക്ക് മടങ്ങി. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലെത്തി. തട്ടിപ്പ് സംഘത്തിന്റെ ആവശ്യം ഭാര്യയെ ധരിപ്പിച്ചതോടെ, തട്ടിപ്പാണ് നടക്കുന്നതെന്ന് മനസ്സിലാക്കി ഇരുവരും ബ്രാഞ്ച് മാനേജർ ജി. വിനീതയോടും മറ്റ് ജീവനക്കാരോടും വിവരം പറയുകയായിരുന്നു. സൈബർ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ, ഉടൻതന്നെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയും ആറൻമുള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
തട്ടിപ്പ് സംഘത്തിന്റെ നിർദ്ദേശപ്രകാരം വയോധികൻ കിടങ്ങന്നൂരിലെ കേരള ബാങ്കിൽ നിന്ന് 19 ലക്ഷം രൂപ പിൻവലിച്ചിരുന്നു. ഈ പണം മറ്റൊരു ബാങ്കിൽ നിക്ഷേപിച്ച് തട്ടിപ്പ് സംഘത്തിന് അയയ്ക്കാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം കേരള ബാങ്കിൽ നിന്ന് പണം നൽകാൻ വൈകിയത് കാരണം, ഈ പണം തട്ടിപ്പ് സംഘം നിർദേശിച്ച അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിഞ്ഞില്ല. ഇതുവഴി ആ പണവും നഷ്ടപ്പെടാതെ രക്ഷപ്പെട്ടു. തക്ക സമയത്തു പ്രവർത്തിച്ച ബാങ്ക് അധികൃതർക്ക് പ്രശംസയുമായി ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് പി. ശ്രീജ രംഗത്തെത്തി.
















