ശിശുദിനത്തോടനുബന്ധിച്ച്, മെഗാസ്റ്റാർ മമ്മൂട്ടി തന്റെ പുതിയ ചിത്രം ‘കളങ്കാവലി’ന്റെ സെറ്റിൽ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത് ആരാധകർക്കിടയിൽ ചർച്ചയായി. കരാട്ടെ വേഷം ധരിച്ച കുട്ടികൾക്കൊപ്പം വാം അപ്പ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ചിത്രീകരണം നടന്ന ‘കളങ്കാവലി’ന്റെ ലൊക്കേഷനിൽനിന്നുള്ള മനോഹര നിമിഷങ്ങളായിരുന്നു ഇത്.
പ്രൊഡക്ഷൻ മാനേജർ ഔസേപ്പച്ചൻ ഫിലിപ്പ് മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ, മമ്മൂട്ടിയുടെ നിർമാണക്കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യുടെ ഫെയ്‌സ്ബുക്ക് പേജിൽ ഇതിന്റെ റീൽ വീഡിയോയും പ്രത്യക്ഷപ്പെട്ടു. കുട്ടികളുമായി തമാശ പറയുന്നതും അവർക്ക് മധുരം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാം. ‘കളങ്കാവൽ ലൊക്കേഷനിൽനിന്നുള്ള മനോഹര നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോട്ടം’ എന്ന ക്യാപ്ഷനോടെയാണ് ഈ റീൽ പുറത്തിറക്കിയത്.
മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിതിൻ കെ. ജോസ് ചിത്രം ‘കളങ്കാവൽ’ നവംബർ 27-ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
മമ്മൂട്ടി കമ്പനി പങ്കുവെച്ച വീഡിയോ:
















