മസ്‌കത്ത്: പവർ ബാങ്ക്, ലിഥിയം ബാറ്ററി തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ സുരക്ഷാമാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്ത സാധ്യതകളെ പ്രതിരോധിക്കുന്നതിന് പ്രോട്ടോക്കോളുകൾ പുതുക്കിയത്. പവർ ബാങ്കുകൾ, ഇ-സിഗരറ്റുകൾ, ലിഥിയം ബാറ്ററികൾ, സ്മാർട്ട് ലഗേജ് തുടങ്ങിയവ വിമാനത്തിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളാണ് ഒമാൻ എയർ പുറത്തിറക്കിയത്.
യാത്ര ചെയ്യുന്നതിന് മുമ്പ് ബാഗേജ് മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാനും നിയന്ത്രിത ഇലക്ട്രോണിക് ഇനങ്ങളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാനും ഒമാൻ എയർ യാത്രക്കാരോട് അഭ്യർഥിച്ചു. യാത്ര സുരക്ഷിതവും സുഗമവുമാക്കുക എന്നതാണ് പുതുക്കിയ നയം ലക്ഷ്യമിടുന്നതെന്നും രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമാണിതെന്നും എയർലൈൻ അധികൃതർ പറഞ്ഞു. നിയമങ്ങൾ എല്ലാ ഒമാൻ എയർ വിമാനങ്ങൾക്കും ബാധകമാണ്.
പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാവൂ, കൂടാതെ ചെക്ക്-ഇൻ ബാഗേജുകളിൽ പവർ ബാങ്കുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ അവ ഉപയോഗിക്കുന്നതിനും ചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്. ഉപകരണങ്ങൾ സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കണം, കേടായതോ ലേബൽ ചെയ്യാത്തതോ ആയ യൂണിറ്റുകൾ സ്വീകരിക്കില്ല.
സ്മാർട്ട് ബാഗുകൾക്ക് എയർലൈൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ഏതൊരു ബാഗും ചെക്ക് ഇൻ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ള സ്മാർട്ട് ബാഗുകളുമായി യാത്ര ചെയ്യുന്നവർ ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് ബാറ്ററി പുറത്തെടുത്ത് വിമാനയാത്രയിൽ മുഴുവൻ കാബിനിൽ കൊണ്ടുപോകണം. കൂടാതെ, ഇ-സിഗരറ്റുകളും വേപ്പുകളും ഹാൻഡ് ബാഗേജിലോ വ്യക്തികളുടെ കൈവശമോ മാത്രമേ അനുവദിക്കൂ, കൂടാതെ ചാർജ് ചെയ്യുന്നതോ വിമാനത്തിൽ ഉപയോഗിക്കുന്നതോ അനുവദിക്കില്ല.
അതേസമയം, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ (പി.ഇ.ഡി) വിമാന പവർ പോർട്ടുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാനാകും. എന്നാൽ, എല്ലായ്‌പ്പോഴും യാത്രക്കാരന്റെ മേൽനോട്ടത്തിലും സമീപത്തും ആയിരിക്കണമെന്നും ഒമാൻ എയർ വ്യക്തമാക്കി. ഫ്‌ലൈറ്റ് യാത്രയ്ക്കിടെ അഴിച്ചുവെച്ച ബാറ്ററികൾ, പവർ ബാങ്കുകൾ, വേപ്പുകൾ എന്നിവ ചാർജ് ചെയ്യാൻ പാടില്ല.
അതേസമയം, ഹോവർബോർഡുകൾ, ബാലൻസ് വീലുകൾ, മിനി സ്കൂട്ടറുകൾ, മിനി സെഗ്‌വേകൾ എന്നിവയുൾപ്പെടെ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തിഗത ഗതാഗത ഉപകരണങ്ങളും എയർലൈൻ നിരോധിച്ചിട്ടുണ്ട്. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ), ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ.എ.ടി.എ) എന്നിവയുടെ ശുപാർശകളെത്തുടർന്ന്, വിമാനത്തിനുള്ളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും വിമാനത്തിനുള്ളിൽ അപകടങ്ങൾ തടയുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമാണിതെന്ന് ഒമാൻ എയർ വ്യക്തമാക്കി.
















