കാഞ്ഞങ്ങാട്: നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ വൻ അളവിലുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. അരിമല ആശുപത്രിക്കു സമീപമുള്ള ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 532 കിലോ പ്ലാസ്റ്റിക് സാമഗ്രികളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന്റെ വിപണിമൂല്യം ഏകദേശം ഒന്നര ലക്ഷം രൂപയോളം വരുമെന്നാണ് വിലയിരുത്തൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഡിസ്പോസബിൾ ഗ്ലാസ്, ക്യാരി ബാഗ് എന്നിവ ഉൾപ്പെടെയുള്ള നിരോധിത പ്ലാസ്റ്റിക് സാമഗ്രികൾ കണ്ടെത്തിയത്.
നഗരസഭാ സെക്രട്ടറി എം. കെ. ശിബുവിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. മനോഹരൻ, കെ.പി. രചന, നിമിഷ കുളങ്ങര, കെ. സുജന എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിരോധിത പ്ലാസ്റ്റിക് വ്യാപനത്തിനെതിരെ നഗരസഭ തുടർനടപടികൾ ശക്തമാക്കിയിട്ടുണ്ട്.
















