‘ഇവിടെ വരുന്നവര്‍ക്കെല്ലാം നൂറു രൂപാ വെച്ച് കൊടുക്കുന്നുണ്ടെന്നറിഞ്ഞു’ എന്ന് ശ്രീനിവാസന്‍ ഒരു സിനിമയില്‍ പറയുന്ന ഡയലോഗ് പോലെയായിരുന്നു ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെയും എന്‍.ഡി.എ സഖ്യത്തിന്റെയും ഇടപെല്‍. വീട്ടമ്മമാര്‍ക്കെല്ലാം അക്കൗണ്ടിലേക്ക് പതിനായിരം രൂപ നിക്ഷേപിക്കുന്ന പദ്ധതിയായിരുന്നു നിതീഷ്‌കുമാര്‍ പയറ്റിയത്. വിലക്കയറ്റവും, സാമ്പത്തിക ഞെരുക്കവും അപ്പാടെ വിഴുങ്ങിയ ബീഹാറിന്റെ നാട്ടിന്‍പുറങ്ങളില്‍ പതിനായിരത്തിന്റെ പണി ഏറ്റു. സ്ത്രീ ജനങ്ങളെല്ലാം വണ്ടി പിടിച്ചു വന്ന് വോട്ടു ചെയ്തിട്ടുണ്ടെന്ന് എന്‍.ഡി.എയുടെ മുന്നേറ്റം തെളിയിക്കുന്നുണ്ട്. ഏകദേശം 150 സീറ്റുകള്‍ വരെയാണ് പല എക്സിറ്റ് പോളുകളും എന്‍.ഡി.എക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം ഇരുനൂറും കടന്ന് കുതിക്കുമ്പോള്‍ ഉറപ്പിക്കാനാകുന്നത്, നിതീഷിന്റെ പതിനായാരത്തിന്റെ പണി അഖ്ഷരാര്‍ത്ഥത്തില്‍ ഏറ്റുവെന്നു തന്നെയാണ്.
പതിനായിരം രൂപയ്ക്കു പകരമായി നിതീഷിനും എന്‍.ഡി.എക്കും വോട്ടര്‍മാര്‍ കരുതി വെച്ചിരുന്നത് പതിനായിരക്കണക്കിന് വോട്ടായിരുന്നു. അക്കൗണ്ടില്‍ പതിനായിരം രൂപ ആദ്യ ഗഡു ലഭിച്ചതോടെ സ്ത്രീകള്‍ക്കിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും, എന്‍.ഡി.എയുടെയും സ്വീകാര്യത വര്‍ധിപ്പിച്ചു. ഒരു കുടുംബത്തിന് ഒരു സര്‍ക്കാര്‍ ജോലി എന്ന മഹാസഖ്യത്തിന്റെ വാഗ്ദാനത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് എന്‍.ഡി.എ നടത്തിയ പ്രചാരണവും വിജയമായി. ഒപ്പം മഹാസഖ്യം അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം പിന്‍വലിക്കുമെന്ന പ്രചാരണവും ശക്തമായി നടന്നു. മദ്യനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് തേജസ്വി യാദവ് സൂചിപ്പിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും തന്നെ തിരിച്ചടിയായി.
വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ പ്രശാന്ത് കിഷറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും ചിത്രത്തില്‍ ഇല്ലാത്ത അവസ്ഥയാണ്. എന്‍.ഡി.എയ്ക്ക് തുണയായതും, മഹാസഖ്യത്തിന് പിഴച്ചതും എവിടെയാണ്. പഴുതടച്ചുള്ള പ്രചാരണമാണ് എന്‍ഡിഎയുടെ വിജയത്തിന്റെ അടിസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമടങ്ങുന്ന താരപ്രചാരകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു. കഴിയുന്നത്ര റാലികള്‍ നടത്തിയും പൊതുജനങ്ങളെ പങ്കെടുപ്പിച്ചും പ്രചാരണം ഗംഭീരമാക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചുവെന്നു തന്നെ പറയാം.
സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചതും എന്‍ഡിഎയെ സഹായിച്ചു. സ്ത്രീകളുടെ വോട്ടുറപ്പിക്കാന്‍ 7500 കോടിയുടെ സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
സ്വയം തൊഴിലിനായി ഒരാള്‍ക്ക് 10,000 രൂപ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 74 ലക്ഷത്തോളം സ്ത്രീകളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. ബിഹാറില്‍ നിതീഷ് കുമാര്‍ സുശാസന്‍ ബാബു എന്നാണ് അറിയപ്പെടുന്നത്. മികച്ച ഭരണാധികാരി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഈ പ്രതിച്ഛായ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.’ജീവിക ദീദി’ എന്ന സ്വയംസഹായ സംഘങ്ങള്‍ വഴിയുള്ള ഇടപെടലുകളും, സ്ത്രീകള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പ്രത്യേകം പദ്ധതികളും അദ്ദേഹത്തിന്റെ പ്രതിച്ഛായ ശക്തമാക്കി. ഒപ്പം ‘ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും ജനം ഏറ്റെടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കേന്ദ്രപദ്ധതികളുടെ നേട്ടവും എന്‍.ഡി.എയ്ക്ക് ലഭിച്ചു.
വോട്ട് ചോരി ആരോപണങ്ങള്‍ ഉന്നയിച്ചും, വോട്ട് അധികാര്‍ യാത്ര നടത്തിയും മഹാസഖ്യവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഈ പ്രചാരണങ്ങള്‍ കൊണ്ടായില്ല. ഒപ്പം, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ജംഗിള്‍ രാജ്’ പരാമര്‍ശങ്ങളും മഹാസഖ്യത്തെ തിരിഞ്ഞുകൊത്തി. പഴയ ജംഗിള്‍ രാജിനെ ഓര്‍മിപ്പിച്ച് പലതവണയാണ് മോദിയും അമിത് ഷായും പ്രചാരണം നടത്തിയത്. ഇതിന്റെ അലയൊലികള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ചിലയിടങ്ങളില്‍ വോട്ട് ഭിന്നിപ്പിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. ഇത് മുസ്ലീം-യാദവ വോട്ട് ബാങ്കില്‍ കനത്ത ചോര്‍ച്ചയുണ്ടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാളിച്ചകളുണ്ടായി.
ഗുണ്ടാനേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ മകന്‍ ഒസാമയെ രഘുനാഥ്പുരില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാക്കിയതടക്കം എന്‍ഡിഎ പ്രചാരണായുധമാക്കി. ഇത്തരം സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങള്‍ അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആയുധമാക്കിയിരുന്നു. മഹാസഖ്യം പരമ്പാരഗതമായ ജാതി-മതക്കളിയില്‍ ഉറച്ചുനിന്നപ്പോള്‍, ലോകത്ത്് ഒരിടത്തുമില്ലാത്ത സവിഷേശമായ ഒരു കോമ്പോയാണ് എന്‍ഡിഎ പരീക്ഷിച്ചത്. അതാണ് സോഷ്യലിസം പ്ലസ് ഹിന്ദുത്വ! നിതീഷ്‌കുമാറിന്റെ വെല്‍ഫയര്‍ സ്റ്റേറ്റില്‍ ഊന്നിയ സോഷ്യലിസ്റ്റ് ആശയങ്ങളും, ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ച് വോട്ടുവാങ്ങി. നിതീഷ് കുമാറിനൊപ്പം കാലങ്ങളായി ഉറച്ചുനില്‍ക്കുന്ന ഇബിസി (എക്സ്ട്രീം ബാക്ക്വേഡ് ക്ലാസ്) വോട്ടും സ്ത്രീകളുടെ വോട്ടും ബിജെപിയുടെ വോട്ടുബാങ്കും ചേര്‍ന്ന് വിജയം സുനിശ്ചിതമാക്കി.
20 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒരു നേതാവിനെതിരേ വികാരം ഉയരാമെങ്കിലും അതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ്ങിലൂടെ ഇല്ലാതാക്കാനും എന്‍ഡിഎയ്ക്കു കഴിഞ്ഞു. മുന്നോക്ക വോട്ടുകള്‍ ബിജെപിയിലുടെയും പിന്നാക്ക വോട്ടുകള്‍ നിതീഷിലുടെയും എന്‍ഡിഎക്ക് അനുകൂലമായി വീണു. കേന്ദ്രത്തിലും സംസ്ഥാനത്തും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. അത് മികച്ച ആസൂത്രണത്തിലൂടെ ബിജെപി-ജെഡിയു ക്യാമ്പുകള്‍ നടപ്പാക്കുന്നതാണ് ബിഹാറില്‍ കണ്ടത്. സ്ത്രീവോട്ടര്‍മാരാണ് എക്കാലവും നിതീഷിന്റെ ശക്തി. സ്ത്രീകളുടെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് നേട്ടമാവുക നിതീഷ് സര്‍ക്കാരിനായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് ശരിയായി.
ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ സംസ്ഥാനമാണെങ്കിലും പഴയ അവസ്ഥയില്‍ നിന്ന് ഒരുപാട് മുന്നോട്ടു കൊണ്ടുപോകാന്‍ നിതീഷിന് കഴിഞ്ഞു. എന്തൊക്കെ അപവാദങ്ങള്‍ ഉണ്ടെങ്കിലും ബീഹാറിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയാണ് 74കാരനായ നിതീഷ് കുമാര്‍. അധികാരമുറപ്പിക്കാന്‍ മുന്നണികള്‍ മാറി രാഷ്ട്രീയ കസേരക്കളി നടത്തുന്നുണ്ടെങ്കിലും, ഒരുകാലത്ത് ജംഗിള്‍ രാജ് എന്ന വിമര്‍ശിക്കപ്പെട്ട കുത്തഴിഞ്ഞു കിടന്ന ബീഹാര്‍ അഡ്മിസ്ട്രേഷന്‍ മെച്ചപ്പെടുത്താന്‍ നിതീഷിന് കഴിഞ്ഞിട്ടുണ്ട്. നിതീഷിനെ വൃദ്ധന്‍ എന്ന് വിളിച്ചുകൊണ്ടുള്ള ഹേറ്റ് കാമ്പയിനാണ് ആര്‍.ജെ.ഡി നടത്തിയത്. അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചതും തിരിച്ചടിയായി.
വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎയുടെ സമഗ്ര തേരോട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍.ഡി.എ സഖ്യം 206 സീറ്റുകള്‍ കടന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. 101 സീറ്റില്‍ മത്സരിച്ചു 94 സീറ്റില്‍ വിജയിച്ച ബി.ജെ.പിയുടെ സ്ട്രൈക്ക് റേറ്റ് അമ്പരപ്പിക്കുന്നതാണ്. 84 സീറ്റുകളില്‍ ജെ.ഡി.യുവും വിജയം നേടി. നിതീഷ് കുമാറെന്ന കരുത്തനായ നേതാവിനെ മുന്നില്‍ നിര്‍ത്തിയതാണ് എന്‍.ഡി.എയുടെ വിജയത്തില്‍ നിര്‍ണായകമായത്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എന്‍ഡിഎയ്ക്ക് ജനം സമ്മാനിച്ചിരിക്കുന്നത്.
മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തകര്‍ന്നടിയുന്നതുമാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കാണുന്നത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. എസ്ഐആറും ചെറുകക്ഷികലും അടക്കം കോണ്‍ഗ്രസിനെ ബാധിച്ചു എന്നാണ് കരുതേണ്ടത്. നിതീഷിന്റെ ഭരണത്തിലെ പോരായ്മകള്‍ക്ക് പുറമേ എസ്‌ഐആര്‍, വോട്ട് മോഷണം തുടങ്ങിയ ആരോപണമെല്ലാം ഉയര്‍ത്തി മഹാസഖ്യം പ്രചാരണം നടത്തിയെങ്കിലും നിതീഷിനെയും എന്‍ഡിഎയെയും അത് യാതൊരു
വിധത്തിലും ബാധിച്ചിട്ടില്ല. ബിജെപി, ജെഡിയു, എല്‍ജെപി (രാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്‍പ്പെട്ടിട്ടുള്ളത്. 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്. അതേ സമയം കനത്ത തോല്‍വിയില്‍ കൃത്യമായ പ്രതികരണം നടത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തന്നെ ഇത് എസ്.ഐ.ആറിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ച് കഴിഞ്ഞു. വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം കഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. ജൂണ്‍ 24ലെ കണക്കുകള്‍ പ്രകാരം 7.89 കോടി വോട്ടര്‍മാരാണ് ബിഹാറിലെ പട്ടികയില്‍ ഉണ്ടായിരുന്നത്.
ആഗസ്റ്റ് ഒന്നിന് എസ്.ഐ.ആറിന് ശേഷം ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികക്ക് പുറത്തായി. പിന്നീട് 3.66 ലക്ഷം അര്‍ഹതയില്ലാത്ത വോട്ടര്‍മാരെ ഒഴിവാക്കിയും 21.53 ലക്ഷം പേരെ കൂട്ടിച്ചേര്‍ത്തും പുതിയ വോട്ടര്‍ പട്ടിക ബിഹാറില്‍ പുറത്തിറക്കി. എസ്.ഐ.ആറിന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ചേര്‍ത്തത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമായ മഗധ മേഖലയില്‍ ആയിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഒഴിവാക്കിയത്. ഈ രണ്ട് തീരുമാനങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് ആദ്യഘട്ട ഫലങ്ങളില്‍ നിന്ന് വ്യക്തമാവും. മഗധയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നില പരുങ്ങലിലായപ്പോള്‍ എന്‍.ഡി.എ വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
CONTENT HIGH LIGHTS; Nitish paid a ‘ten thousand’ salary?: Tejashwi’s uncle’s trick became a trap; When Bihar will be saffron again?
















