ഒട്ടേറേ അത്ഭുതങ്ങൾ നിറഞ്ഞതാണ് സമുദ്രം. ഇനി കണ്ടെത്താത്ത അനേകം ജീവികൾ സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ദക്ഷിണസമുദ്രത്തിലെ ആഴക്കടലിൽ 30 ഇനം പുതിയ സമുദ്രജീവികളെ ഗവേഷകർ കണ്ടെത്തി. അക്കൂട്ടത്തിൽ മാംസഭോജിയായ “ഡെത്ത്-ബോൾ” സ്പോഞ്ചും ഉൾപ്പെടുന്നു.

ഇതിൽ സ്പോഞ്ച് വിഭാഗത്തിൽപെട്ട ‘ഡെത്ത് ബോൾ’ എന്ന ജീവികളും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. അഗ്നിപർവത പ്രദേശങ്ങളായ മോണ്ടഗ്യു, സാന്‍ഡേഴ്സ് ദ്വീപുകള്‍, സൗത്ത് സാന്‍ഡ്വിച് ട്രെഞ്ച് എന്നിവിടങ്ങളിലാണ് അപൂര്‍വയിനം പുതിയ ജീവജാലങ്ങളെ കണ്ടെത്തിയത്.മറ്റ് കടൽ സ്പോഞ്ചുകളിൽ നിന്നും വ്യത്യസ്തരാണ് ഡെത്ത് ബോളുകൾ. പേര് പോലെ തന്നെ ബോളിന്റെ ആകൃതിയിലാണ് ഇവയുടെ ശരീരം. സാധാരണയുള്ള കടൽ സ്പോഞ്ചുകൾ ഫിൽറ്റർ ഫീഡിംഗിലൂടെ ഭക്ഷണം കണ്ടെത്തുമ്പോൾ ഈ ജീവികൾ ഇരകളെ വേട്ടയാടിയാണ് ഭക്ഷണമാക്കുന്നത്. ശരീരത്തിലെ ചെറിയ കൊളുത്തുകൾ പോലുള്ള ഭാഗം കൊണ്ടാണ് അവ ഇരകളെ കുടുക്കുന്നത്.
ജാപ്പനീസ് സ്ഥാപനമായ നിപ്പോണ്‍ ഫൗണ്ടേഷന്‍-നെക്ടണ്‍ ഓഷ്യന്‍ സെന്‍സസ് സംഘവും ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവും ചേര്‍ന്നാണ് ഈ ജീവികളെ കണ്ടെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി 14 വിഭാഗങ്ങളിൽ നിന്നുള്ള 2,000-ത്തോളം സ്പെസിമെനുകളും ആയിരക്കണക്കിന് ഹൈ-ഡെഫനിഷൻ ചിത്രങ്ങളും വീഡിയോകളും സംഘം ശേഖരിച്ചു.
‘സോംബി വേമുകൾ’ എന്ന അപൂർവയിനം ജീവികളെയും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ഇവയ്ക്ക് വായയോ ആമാശയമോ ഇല്ല. തിമിംഗലങ്ങളുടെയും വലിയ കടൽ ജീവികളുടെയും അസ്ഥികൾ തുരന്ന് അവയുടെ കൊളാജൻ ഉപയോഗിച്ചാണ് അവ ജീവിക്കുന്നത്. ദക്ഷിണ സമുദ്രത്തിലെ ആഴങ്ങളിൽ ഇനിയും നിരവധി പുതിയ ജീവിവർഗ്ഗങ്ങൾ ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്.
















