തിരുവനന്തപുരത്തു ബിഹാറിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയം നൃത്തംചെയ്ത് ആഘോഷിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. തനിക്ക് എതിരെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം വാർത്ത സമ്മേളനത്തിൽ തുറന്നുകാട്ടിയതിന്റെ മറുപടിയെന്നോണമാണ് പോസ്റ്റ്.
‘കശ്മീർ യുവാക്കൾക്കൊപ്പം ഇനി അല്പം ഡാൻസ് ആവാം. കൂടുന്നോ’ എന്ന ക്യാപ്ഷനോടെ രാഹുൽ ഗാന്ധിയെ ടാഗ് ചെയ്താണ് ഗോപാലകൃഷ്ണൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതേ പോസ്റ്റ് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ ‘ബി. ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്ക് സമർപ്പയാമി’ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമത്തിൽ പങ്കുവെചു.
ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചത് രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പ് ജയിക്കാൻവേണ്ടി ബിജെപി കശ്മീരിൽനിന്നുള്ളവരെപ്പോലും കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ടർപട്ടികയിൽ ചേർക്കുമെന്ന ഗോപാലകൃഷ്ണന്റെ വിവാദ പരാമർശമാണ് രാഹുൽ പ്രദർശിപ്പിച്ചത്. ഇതിനെതിരെ പരിഹാസം എന്ന രീതിയിൽ ആണ് ബി. ഗോപാലകൃഷ്ണനും സുരേന്ദ്രനും വീഡിയോ പങ്കുവെച്ചത്.
ബിഹാറിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും അപ്രസക്തമാക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 207 സീറ്റുകളിൽ എൻഡിഎ മുന്നേറിയപ്പോൾ 29 സീറ്റുകളിൽ മാത്രമേ ഇന്ത്യ സഖ്യത്തിന് നേടാനായുള്ളൂ. ഏഴാണ് മറ്റു കക്ഷികളുടെ സീറ്റുനില. 95 സീറ്റുകളിൽ മുന്നേറിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ജെഡിയുവിന് 84 സീറ്റുകളുണ്ട്. 25 സീറ്റുകൾ നേടി ആർജെഡിയും 19 സീറ്റുകളോടെ എൽജെപിയും മൂന്നും നാലും സ്ഥാനത്ത്.