മസ്കത്ത്: വാഹനങ്ങളിൽ ഉയരം കൂടിയ വസ്തുക്കളോ നീളം കൂടിയ ഉപകരണങ്ങളോ ഘടിപ്പിക്കുന്ന പ്രവണതക്കെതിരെ ഒമാൻ പൊലിസ് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം വസ്തുക്കൾ വാഹനത്തിന്റെ ബോഡിയിൽ നേരിട്ട് കെട്ടിപ്പെടുക്കുന്നത് അപകടസാദ്ധ്യത വർധിപ്പിക്കുന്നതും ട്രാഫിക് നിയമങ്ങളിൽ വ്യക്തമായ ലംഘനവുമാണെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വലിയ പതാകകൾ ഘടിപ്പിച്ച കാറിന്റെ ദൃശ്യം ഉദാഹരണമായി പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇത്തരം മാറ്റങ്ങൾ വാഹന നിയന്ത്രണത്തെ ബാധിക്കുന്നതിനാൽ പൊതുസുരക്ഷക്ക് ഗുരുതര ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആഘോഷ വേളകളിലെ ആവേശവും വാഹനങ്ങളെ വ്യത്യസ്ത രീതിയിൽ അലങ്കരിക്കാനുള്ള ശ്രമവും പലപ്പോഴും അശ്രദ്ധമായ ഡ്രൈവിങ് സാഹചര്യങ്ങളിലേക്ക് നയിക്കുന്നുവെന്നതിലും പൊലീസ് ആശങ്ക പ്രകടിപ്പിച്ചു.
റോഡിലെ ക്രമവും സുരക്ഷയും ഉറപ്പാക്കാൻ ഗതാഗത ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് പൊലീസ് എല്ലാ ഡ്രൈവർമാരോടും അഭ്യർഥിച്ചു. പൊതുസുരക്ഷയ്ക്കായുള്ള ഇത്തരം മുൻകരുതൽ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
















