ഗൂഗിളിന്റെ എ.ഐ. വോയിസ് എക്സ്പീരിയൻസായ ജെമിനി ലൈവിന് (Gemini Live) ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. ആൻഡ്രോയിഡ്, ഐ.ഒ.എസ്. ഉപകരണങ്ങളിൽ സംസാരത്തിന് കൂടുതൽ സ്വാഭാവികത, വേഗതയേറിയ പ്രതികരണങ്ങൾ, രസകരമായ ഉച്ചാരണ ശൈലികൾ എന്നിവ കൊണ്ടുവരാൻ പുതിയ അപ്ഡേറ്റിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗൂഗിൾ ലാബ്സ്, ജെമിനി ആപ്പ് എന്നിവയുടെ വൈസ് പ്രസിഡന്റായ ജോഷ് വുഡ് ആണ് ഈ അപ്‌ഡേറ്റ് സ്ഥിരീകരിച്ചത്.
സംസാരത്തിലെ ഭാവതീവ്രത, വേഗത, പഠന പിന്തുണ എന്നിവയിലെല്ലാം കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയതായി അദ്ദേഹം എക്സ് (X) പോസ്റ്റിലൂടെ അറിയിച്ചു. പുതിയ നവീകരണം ജെമിനി ലൈവിനെ കൂടുതൽ ബുദ്ധിപരവും സാഹചര്യങ്ങൾക്കനുരിച്ച് പ്രതികരിക്കുന്നതുമാക്കുമെന്നും, ചോദ്യങ്ങൾക്ക് വളരെ വേഗത്തിൽ മറുപടി നൽകാൻ ഇതിന് കഴിയുമെന്നും വുഡ് വ്യക്തമാക്കി. വേഗത്തിലുള്ള പഠന സെഷനുകൾ, ഭാഷാ പഠനത്തിനുള്ള പിന്തുണ, രസകരമായ സംഭാഷണ ശൈലികൾ എന്നിവയൊക്കെ ഉപയോക്താക്കൾ ഇതിനോടകം തന്നെ ഉപയോഗിച്ചു തുടങ്ങിയതിന്റെ ആദ്യ ഉദാഹരണങ്ങളും അദ്ദേഹം പങ്കുവെച്ചു.
സംഭാഷണങ്ങളിൽ വാക്കുകൾ മാത്രമല്ല, സ്വരം, താളം, ശബ്ദത്തിലെ സൂക്ഷ്മ ഭാവങ്ങൾ എന്നിവയ്ക്കും പ്രാധാന്യമുണ്ടെന്ന് ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു. ജെമിനി ലൈവുമായുള്ള ആശയവിനിമയം കൂടുതൽ സ്വാഭാവികവും ലളിതവുമാക്കുകയാണ് ഏറ്റവും പുതിയ മോഡൽ അപ്ഡേറ്റുകളുടെ ലക്ഷ്യം. പുതിയ ജെമിനി ലൈവ് സംഭാഷണങ്ങൾ മെച്ചപ്പെടുത്തുന്ന അഞ്ച് പ്രധാന വഴികളാണ് കമ്പനി എടുത്തു കാണിച്ചത്
1. ക്ലാസുകൾക്കിടയിലുള്ള യാത്രകളിലായിരിക്കുമ്പോൾ പോലും സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമാക്കി പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന യാത്രാനുബന്ധമായ പഠന പിന്തുണ.
2. കൊറിയൻ ഭാഷയിൽ ക്വിസുകൾ ആവശ്യപ്പെടുകയോ സ്പാനിഷ് അഭിവാദ്യങ്ങൾ പരിശീലിക്കുകയോ ചെയ്യാൻ സാധിക്കുന്ന ആഴത്തിലുള്ള ഭാഷാ പരിശീലനം .
3. ജോബ് ഇന്റർവ്യൂകൾ, പ്രസന്റേഷനുകൾ, അല്ലെങ്കിൽ സെൻസിറ്റീവ് ചർച്ചകൾ എന്നിവയ്ക്കായി ഒരു പ്രാക്ടീസ് പങ്കാളിയായി പ്രവർത്തിക്കാനുള്ള പ്രധാനപ്പെട്ട നിമിഷങ്ങൾക്കുള്ള പരിശീലനം.
4. ജൂലിയസ് സീസറെപ്പോലുള്ള ചരിത്രപുരുഷന്മാരുടെ വീക്ഷണകോണിലൂടെ കഥകൾ പറയാൻ ആവശ്യപ്പെടാൻ കഴിയുന്ന കൂടുതൽ ആകർഷകമായ കഥപറച്ചിൽ.
5. പാചക ആശയങ്ങളോ പാർട്ടി പ്ലാനിംഗോ പോലുള്ള ദൈനംദിന ജോലികൾ ചെയ്യുമ്പോൾ പോലും കൗബോയ് ശൈലിയിലോ മറ്റ് രസകരമായ ശൈലികളിലോ സംസാരിക്കാൻ കഴിയുന്ന ദൈനംദിന കാര്യങ്ങൾക്കുള്ള രസകരമായ ഉച്ചാരണ ശൈലികൾ
ഈ അപ്ഡേറ്റുകൾ ജെമിനി ലൈവിനെ കൂടുതൽ കാര്യക്ഷമവും രസകരവുമാക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
















