പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും പത്മശ്രീ ജേതാവുമായിരുന്ന സാലുമരദ തിമ്മക്ക അന്തരിച്ചു. 114 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചതോടെയാണ് അവര്‍ക്ക് ‘മരങ്ങളുടെ നിര’ എന്ന സാലുമരദ എന്ന പേര് ലഭിച്ചത്. 1911 ജൂണ്‍ 30-ന് കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബിയില്‍ ജനിച്ച തിമ്മക്ക തന്റെ ജീവിതയാത്രയ്ക്കിടെ മൂന്നൂറോളം ആല്‍മരങ്ങള്‍ നട്ടുവളര്‍ത്തി. മക്കളില്ലാത്ത തിമ്മക്കയുടെ 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം കാരണം കര്‍ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമായി നാല് കിലോമീറ്ററോളമാണ് തണല്‍ മരങ്ങള്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്.
കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാന്‍ തിമ്മക്കയും ഭര്‍ത്താവ് ചിക്കയ്യയും കണ്ടുപിടിച്ച മാര്‍ഗമായിരുന്നു മരങ്ങള്‍ നട്ട് മക്കളെ പോലെ പരിപാലിക്കുക എന്നത്. ചെറുപ്പം മുതല്‍ പച്ച നിറത്തെ ഇഷ്ടപ്പെട്ട തിമ്മക്ക തന്നെയായിരുന്നു മരങ്ങള്‍ നട്ടുപിടിപ്പിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. തന്റെ ജീവിതത്തിലെ ശൂന്യത അകറ്റാനാണ് തിമ്മക്ക മരങ്ങള്‍ നട്ടുപിടിപ്പിച്ചതെങ്കിലും ക്രമേണ അവര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമായി മാറുകയായിരുന്നു. വര്‍ഷങ്ങളായി അവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് പത്മശ്രീ അടക്കം വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാവുകയും ചെയ്തു.
2019- ലെ പത്മശ്രീ, ഹംപി സര്‍വകലാശാലയുടെ നാടോജ പുരസ്‌കാരം (2010), ദേശീയ പൗരത്വ പുരസ്‌കാരം (1995), ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരം (1997) എന്നിവ ഉള്‍പ്പെടെ 12 പ്രധാന ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ സംഭാവനകള്‍ സാമൂഹിക, പാരിസ്ഥിതിക രംഗങ്ങളിലും വ്യാപകമായ ആദരവ് നേടിക്കൊടുത്തു. ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ‘സാലുമരദ തിമ്മക്ക’യുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിസ്ഥിതിയോടുള്ള അവരുടെ സ്‌നേഹം അവരെ ‘അമരയാക്കി’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















