ചെന്നൈ: ചെന്നൈയിൽ വ്യോമസേനാ വിമാനം തകർന്നുവീണു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പരിശീലന വിമാനം ആണ് തകർന്നു വീണത്. താംബരം വ്യോമതാവളത്തിന് സമീപം പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. അപകടത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനം താഴേക്കുപതിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തേക്ക് ചാടിയ പൈലറ്റ് രക്ഷപ്പെട്ടു. പൈലറ്റ് സുരക്ഷിതനാണെന്നും മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.
ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട വ്യോമസേനയുടെ മൂന്നാമത്തെ ജാഗ്വാർ വിമാന അപകടമാണിത്. ജൂലൈയിൽ, രാജസ്ഥാനിൽ ഇരട്ട സീറ്റർ ജെറ്റിനുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാർ മരിച്ചിരുന്നു.
മാർച്ചിൽ, ഹരിയാനയിലെ അംബാലയ്ക്ക് സമീപം ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാറിനെത്തുടർന്ന് തകർന്നുവീണിരുന്നു. ഒരു മാസത്തിനുശേഷം, ജാംനഗറിനടുത്ത് പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് ഒരു പൈലറ്റ് മരിച്ചിരുന്നു.
















