കുടുംബബന്ധങ്ങളെക്കുറിച്ചും ദാമ്പത്യ സൗന്ദര്യത്തെക്കുറിച്ചും ക്ലാസുകൾ നൽകി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിലുള്ള സ്വകാര്യ ജീവിതത്തിലെ പൊട്ടിത്തെറി ഇപ്പോൾ പൊതുസമൂഹത്തിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഒരാളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വെച്ച് നടന്ന അതിരൂക്ഷമായ വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭാഷണത്തിന്റെ ഉള്ളടക്കം, കുടുംബ ബന്ധങ്ങളിലെ വിശ്വാസ തകർച്ചയുടെയും കടുത്ത ഈഗോയുടെയും ചിത്രം വെളിപ്പെടുത്തുന്നു. താൻ നിലപാട് മാറ്റില്ലെന്നും, അത് തന്റെ ‘പുരുഷ ഈഗോ’ ആണെന്നും മാരിയോ ജോസഫ് ആവർത്തിച്ചു പറയുന്നത്, വൈകാരികമായ സംഘർഷത്തിന് ആക്കം കൂട്ടി.
വീഡിയോയിലെ സംഭാഷണങ്ങളിൽ നിറയുന്നത് കടുത്ത നിരാശയും വേദനയുമാണ്. 20 വർഷക്കാലം റോൾ മോഡലായി കണ്ടിരുന്ന വ്യക്തിയിൽ നിന്ന് നേരിട്ട ചതിയും വഞ്ചനയുമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് മകൾ പറയുന്നത് നമ്മൾക്ക് കേൾക്കാനായി സാധിക്കും. “നിങ്ങൾ എന്നെ വൈകാരികമായി ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു,” എന്നും താൻ അന്ധമായി വിശ്വസിച്ച വ്യക്തിയാണ് ഈ വിശ്വാസം തകർത്തതെന്നും ആ കുട്ടി വിങ്ങിപ്പൊട്ടി. ദൈവമല്ല, “പിശാചാണ് നിങ്ങളെ നയിക്കുന്നത്” എന്നും, ഒരു “അച്ഛൻ എന്ന നിലയിൽ നിങ്ങൾ പരാജയപ്പെട്ടു” എന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്. തർക്കം രൂക്ഷമായപ്പോൾ “നിന്നെപ്പോലൊരു മകളെ എനിക്ക് ആവശ്യമില്ല, നീ പോയി മരിച്ചോളൂ” എന്ന് വരെ മാരിയോ ജോസഫ് പറയുന്നത് നമ്മൾക്ക് കേൾക്കാം.
വീഡിയോയിലെ സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ, മാരിയോ ജോസഫിനെതിരെ ഭാര്യ ജിജി മാരിയോ ചാലക്കുടി പോലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഒമ്പത് മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. പ്രശ്‌നങ്ങൾ സംസാരിച്ചു തീർക്കാൻ ഒക്ടോബർ 25-ന് വൈകീട്ട് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. സംസാരത്തിനിടെ തർക്കമാവുകയും മാരിയോ ജോസഫ് സെറ്റ്-ടോപ്പ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ഇടതു കൈയിൽ കടിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തതായി ജിജി മാരിയോയുടെ പരാതിയിൽ പറയുന്നു. ഏകദേശം ₹70,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചെന്നും പരാതിയിലുണ്ട്.
ഗാർഹിക പീഡനക്കുറ്റങ്ങൾ ചുമത്തി ചാലക്കുടി പോലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയം മുതൽ മാരിയോ ജോസഫ് ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുന്നവരും ധ്യാന കൂട്ടായ്മയുടെ (ഫിലോകാലിയ ഫൗണ്ടേഷൻ) നടത്തിപ്പുകാരുമായ ദമ്പതികൾ തമ്മിലുണ്ടായ ഈ കടുത്ത സംഘർഷം, പൊതുസമൂഹത്തിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
വീഡിയോ കടപ്പാട് ONE 2 TALKS:
















