ഇന്നത്തെക്കാലത്ത് കുട്ടികളായാലും മുതിർന്നവരായാലും കൂടുതൽ സമയവും സ്ക്രീനുകൾക്കു മുന്നിൽ ആയിരിക്കും. ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത കാലം. എന്നാൽ കൂടുതൽ സമയം ഈ രീതിയിൽ ചെലവഴിച്ചാൽ കണ്ണുകൾക്ക് കേടാണ്. കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാക്കും. എന്നാൽ ഈ സമ്മർദ്ദം മാറ്റാൻ ചില മാർഗങ്ങളും ഉണ്ട്.
പോഷകങ്ങൾ ധാരാളം അടങ്ങിയതും കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ ക്ഷീണം അകറ്റാനും സഹായിക്കുന്ന ചില പഴങ്ങളുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം പോലുള്ള നേത്രരോഗങ്ങളിൽ നിന്ന് ഇവ സംരക്ഷണമേകുന്നു. ഏതൊക്കെയാണ് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പഴങ്ങൾ എന്നറിയാം.
ബ്ലൂബെറി
കാഴ്ചയിൽ ചെറുതെങ്കിലും ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴമാണിത്. കണ്ണിലെ കലകൾ, പ്രത്യേകിച്ച് ലെൻസിലെയും റെറ്റിനയിലെയും കലകൾക്ക് പ്രായമാകുന്നതിന് ഓക്സീകരണ സമ്മർദവും ഫ്രീറാഡിക്കലുകളുടെ ക്ഷതവുമാണ് കാരണമാകുന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് കണ്ണുകളെ ഈ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കും. ബ്ലൂബെറിയിലെ ചില ഘടകങ്ങൾ, പ്രമേഹമില്ലാത്തവരിലെ കാഴ്ചശക്തി മെച്ചപ്പെടുത്തും.
ബ്ലൂബെറിയിലെ ആന്തോസയാനിൻ സത്തുകൾ റെറ്റിനയിലെ കോശങ്ങളെ സംരക്ഷിക്കുമെന്ന് 2025-ൽ ജേണൽ ഓഫ് അഗ്രികൾച്ചറൽ & ഫൂഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ആന്തോസയാനിൻ, രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓക്‌സീകരണ സമ്മർദ്ദം കുറയ്ക്കുകയും ദീർഘകാലത്തേക്ക് കണ്ണുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുമെന്ന് 2019ൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ഒരുപിടി ബ്ലൂബെറി രാവിലെ ഓട്സിന്റയോ യോഗർട്ടിന്റയോ ഒപ്പം ചേർത്ത് സ്മൂത്തി തയാറാക്കാം. അല്ലെങ്കിൽ ലഘു ഭക്ഷണമായും ബ്ലൂബെറി കഴിക്കാം.
ഓറഞ്ച്
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക മാത്രമല്ല കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിൻ സി സഹായിക്കും. ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് നേത്രകലകൾക്ക് സംരക്ഷണമേകും, ലെൻസിനുണ്ടാകുന്ന മൂടൽ തടയാനും ഇത് സഹായിക്കും. ഓക്സീകരണസമ്മർദ്ദം മൂലം ലെൻസ് പ്രോട്ടീനുകള്‍ക്ക് ക്ഷതം സംഭവിക്കുകയും തിമിരമുണ്ടാകുകയും ചെയ്യും. എന്നാൽ വൈറ്റമിൻ സി ഈ ക്ഷതത്തെ സാവധാനത്തിലാക്കും. വൈറ്റമിൻ സി കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ആക്ടാ ഒപ്താൽമോളജിക്കയിൽ 2016ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2019ൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനവും ഇത് ശരിവയ്ക്കുന്നു. ദിവസവും ഒരു ഓറഞ്ചോ നാരകഫലങ്ങൾ അടങ്ങിയ സാലഡോ കഴിക്കാം. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം യോഗർട്, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും ചേർത്ത് കഴിക്കുന്നത് കണ്ണിന് ആവശ്യമായ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
പപ്പായ
കണ്ണുകൾ ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ടോ? കണ്ണുകൾ വരളുകയോ ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്യാറുണ്ടോ? കണ്ണുകളുടെ വരൾച്ച തടയാനും കണ്ണിനുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാനും പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പപ്പായയിൽ വൈറ്റമിൻ എ, മറ്റ് കരോട്ടിനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി ഫൈറ്റോ നൂട്രിയന്റുകൾ, ഇവയുമുണ്ട്. കരോട്ടിനോയ്ഡുകൾ റെറ്റിനയുടെയും കണ്ണിലെ ലെൻസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. കണ്ണിലെ കലകളെ (ടിഷ്യു)യും ഇത് സംരക്ഷിക്കും. പപ്പായയിൽ ല്വൂട്ടിൻ, സീസാന്തിൻ തുടങ്ങിയ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. പപ്പായയിൽ അടങ്ങിയ പോഷകങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഓക്സീകരണ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും സ്മൂത്തി ആക്കിയും നാരങ്ങയോടും ചിയ സീഡിനുമൊപ്പം ചേർത്തും പപ്പായ കഴിക്കാം.
കിവി
റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന സസ്യസംയുക്തങ്ങൾ കിവിയിലുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തും. കിവിയിൽ ധാരാളം വൈറ്റമിൻ സിയും ല്വൂട്ടിൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിലെ ലെൻസിനു സംരക്ഷണമേകുകയും മാക്യുലാർ ഹെൽത്ത് മെച്ചപ്പെടുത്തുകയും ചെയ്യും. അത്താഴശേഷം ഡിസർട്ട് ആയും സാലഡിൽ ചേർത്തും സ്മൂത്തിയാക്കിയും കിവി കഴിക്കാം. പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ചില ശീലങ്ങളും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടുതൽ നേരം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നവർ 20–20–20 റൂൾ പിന്തുടരണം. ഓരോ 20 മിനിറ്റിലും സ്ക്രീനിനു മുന്നിൽ നിന്ന് ഇടവേള എടുക്കാം. 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് ഓരോ 20 മിനിറ്റിലും 20 സെക്കന്റ് നോക്കുക. ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും എല്ലാ വർഷവും നേത്രപരിശോധന നടത്തുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
















