മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഹൈപ്പിനൊത്ത് ഉയരാൻ ചിത്രത്തിന് സാധിച്ചില്ല. വലിയ പരാജയം ആയിരുന്നു ചിത്രം. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് 2 വർഷം ആകാൻ പോകുന്ന വേളയിൽ, സിനിമ ജപ്പാനിൽ റിലീസ് ചെയ്യാൻ പോകുന്നുവെന്ന വിവരം പോസ്റ്റ് ചെയ്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
മോഹൻലാലിന്റെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു ചിത്രത്തിലേത്. പി.എസ് റഫീഖ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. 2026 ജനുവരി 17ന് ആകും ജപ്പനീസ് റിലീസ്. 2024ൽ ആയിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് ചെയ്തത്. ആ വർഷത്തെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം കൂടിയായിരുന്നു വാലിബൻ. വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, രണ്ടാം ഭാഗം വരുമെന്ന സൂചനയോട് കൂടിയായിരുന്നു ചിത്രം അവസാനിച്ചത്. എന്നാൽ വാലിബൻ ഒറ്റ ഭാഗം മാത്രമായി പ്ലാൻ ചെയ്തിരുന്ന സിനിമയാണെന്ന് നിർമ്മാതാക്കളിലൊരാളായ ഷിബു ബേബി ജോൺ അടുത്തിടെ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധനേടി. “രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകാൻ നിർബന്ധിതമായിട്ട് കഥ കൊണ്ടുചെന്ന് അവസാനിപ്പിക്കുകയായിരുന്നു. അതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. പ്രതീക്ഷകൾ വളരെ ഹൈ ആയതും ഒരു പ്രശ്നമായി. രണ്ടാം ഭാഗത്തിലേക്ക് പോകാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ ആ പടം കുറച്ച് നന്നായേനെ. എന്തായാലും രണ്ടാം ഭാഗം എന്നൊരു പരിപാടിയില്ല”, എന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.
















