ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി ഡോ. ശശി തരൂർ എംപി. ബിഹാറിൽ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും, എന്താണ് പറ്റിയതെന്ന് പാർട്ടി അന്വേഷിക്കണമെന്നും തരൂർ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത തോൽവി ആരും പ്രതീക്ഷിച്ചില്ല. ഇതിൽ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്. ചരിത്രത്തിലെ ഏറ്റവും മോശമായ അനുഭവമായിപ്പോയി തിരഞ്ഞെടുപ്പ് ഫലമെന്നും തരൂർ പ്രതികരിച്ചു. നെഹ്റു കുടുംബത്തെ വിമർശിക്കുന്ന പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും തരൂർ വിശദീകരിച്ചു.
താൻ എഴുതിയ ലേഖനത്തിൽ ഒരു പാർട്ടിയെ കുറിച്ച് മാത്രമല്ല എല്ലാ പാർട്ടികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. പല ഉദാഹരണങ്ങൾ കൊടുത്തു എന്ന് മാത്രമാണുള്ളത്. രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരൻ ആകുന്നു. ഒരു നടന്റെ മകൻ നടനാവുന്നു അങ്ങനെ ചെയ്താൽ മതിയോ? നമ്മുടെ ജനാധിപത്യത്തിന് അത് നല്ലതാണോ എന്നാണ് ഞാൻ ചോദിച്ചത്. ഈ ചോദ്യം ഞാൻ മാത്രമല്ല ചോദിച്ചിരിക്കുന്നത്. 2017 ൽ രാഹുൽഗാന്ധിയും ഇതേ കാര്യം തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ പറഞ്ഞപ്പോൾ മാത്രം ഇത്തരം പ്രതികരണം ഉണ്ടായത് എന്തിനാണെന്നാണ് ആലോചിക്കുന്നത്.
17 വർഷമായി ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഞാൻ ആ കുടുംബത്തിന് എതിരല്ല. തന്റെ ലേഖനം ഒരിക്കൽക്കൂടി എല്ലാവരും വായിച്ചുനോക്കണമെന്നും അപ്പോ പിന്നെ ഞാൻ എന്തിന് രാജിവെക്കണമെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം, ശശി തരൂരിന്റെ സമീപകാല പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് എം എം ഹസ്സൻ നടത്തിയത്. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നെന്നും, നെഹ്റു കുടുംബത്തിൻറെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ഹസ്സൻ പരിഹസിച്ചു.
Story Highlights : Shashi Tharoor expresses displeasure after heavy defeat in Bihar election
















