ബിഹാറിൽ സാമുദായിക വിഭജനമാണ് മഹാസഖ്യം ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണരാഷ്ട്രീയം പൂർണമായി പരാജയപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് നീക്കപ്പെട്ടു. കോൺഗ്രസ് മുസ്‌ലിം ലീഗ്, മാവോവാദി കോൺഗ്രസ് (എംഎംസി) ആയി മാറി. ബിഹാറിലെ യുവാക്കൾ എസ്‌ഐആറിനെ പിന്തുണച്ചു. ബിഹാർ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്നും മോദി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാഗഡ് ബന്ധൻ തുടർച്ചയായി എൻഡിഎയെ അപമാനിച്ചതിന് ബിഹാറിലെ ജനങ്ങൾ മുഖത്തടിക്കുന്ന മറുപടി നൽകി. രാജ്യത്തെ വിഭജിച്ച് ഭരിക്കാനാണ് മഹാഗഡ്ബന്ധൻ ശ്രമിച്ചത്. ബിഹാർ ജനതയെ അവർ അപമാനിച്ചു. ഇതെല്ലാം മറികടന്ന് ബിഹാറിലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയെന്നും ജനാധിപത്യം വിജയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് ബിഹാറിൽ നടന്നത്. നിതീഷ് കുമാറിന് നന്ദി പറയുന്നു. മഹാസഖ്യം നിരന്തരമായി എൻഡിഎയെ അപമാനിച്ചതിന് ബിഹാറിലെ ജനം നൽകിയ മറുപടിയാണ് ഈ വിജയം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കുറച്ച് സീറ്റ് കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജനം അതിന്റെ കോട്ടം തീർത്തു. എൻഡിഎയിലുള്ള ജനങ്ങളുടെ അഭിലാഷം തങ്ങൾ നിറവേറ്റുമെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജംഗിൾ രാജിനെ കുറിച്ച് പറഞ്ഞപ്പോൾ കോൺഗ്രസ് വലിയ വിമർശനമുയർത്തിയിരുന്നു. ജനങ്ങളുടെ സേവനം മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ജനങ്ങൾ ബിഹാറിന് വേണ്ടി വോട്ട് ചെയ്തത്. ബിഹാറിലെ ചിലർ പ്രീണനത്തിന്റെ എംവൈ ഫോർമുല ഉണ്ടാക്കി. എന്നാൽ ബിഹാറിലെ ജനങ്ങൾ എംവൈ പുതിയ ഫോർമുല നൽകി. അതാണ് മഹിളാ- യൂത്ത്. ഛഠ് പൂജ നാടകമെന്ന് പറഞ്ഞ പ്രതിപക്ഷത്തോട് ബിഹാർ ജനത പൊറുക്കില്ലെന്നും കോൺഗ്രസും ചുവപ്പു ഭീകരതയും ഭാവി നശിപ്പിച്ച യുവാക്കളുടെതാണ് ഈ വിജയമെന്നും മോദി പറഞ്ഞു.
















