ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനു പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ് 3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും ബിഎസ്4 ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്.
വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റാണ് ഈ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.
വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. വായു ഗുണനിലവാരം 400 സൂചികയില്‍ താഴെയാകുകയും, ഈ നില തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും ഈ വിലക്കുകള്‍ നീക്കുകയെന്നും കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു.
















