തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനെതിരെ ഉണ്ടായ ജാതിവിവേചനത്തിനും അധിക്ഷേപത്തിനുമെതിരെ ശക്തമായ സാമൂഹ്യപ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്ന് ടി.എം. തോമസ് ഐസക്. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അക്കാദമിക്കുകൾ മാത്രമല്ല, നാനാതുറകളിൽപ്പെട്ടവർ വിപിൻ വിജയന്റെ പിഎച്ച്ഡി തടയുന്നതിന് ഡീൻ എടുത്ത നിലപാട് ധാർമ്മികമായി മാത്രമല്ല ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. എന്നാൽ ഇവരെ സംരക്ഷിക്കാനാണ് ഗവർണറുടെ നോമിനിയായ വൈസ് ചാൻസിലർ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം കുറിച്ചു.
കേരള സർവകലാശാലയിലെ സംസ്കൃതം ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനെതിരെ ഉണ്ടായ ജാതിവിവേചനത്തിനും അധിക്ഷേപത്തിനുമെതിരെ ശക്തമായ സാമൂഹ്യപ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അക്കാദമിക്കുകൾ മാത്രമല്ല, നാനാതുറകളിൽപ്പെട്ടവർ വിപിൻ വിജയന്റെ പിഎച്ച്ഡി തടയുന്നതിന് ഡീൻ എടുത്ത നിലപാട് ധാർമ്മികമായി മാത്രമല്ല ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. എന്നാൽ ഇവരെ സംരക്ഷിക്കാനാണ് ഗവർണറുടെ നോമിനിയായ വൈസ് ചാൻസിലർ തീരുമാനിച്ചിരിക്കുന്നത്. ഒരു സർവകലാശാലയുടെയും വൈസ് ചാൻസലർ ആകാനുള്ള യോഗ്യതയും ഈ മാന്യനില്ല. ഉന്നതവിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുള്ള കരുമാത്രമാണ് ഇദ്ദേഹം.
ഡീൻ ഡോ. വിജയകുമാരിയെ പിന്താങ്ങാൻ ഒരു വിഭാഗം മാത്രമേ മുന്നോട്ടുവന്നിട്ടുള്ളൂ. അത് സംഘപരിവാർ സംഘടനകളാണ്. അവരുടെ മനുവാദം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയ നവോത്ഥാനനായകർ നാടുകടത്തിയ അയിത്തവും സവർണ്ണാധിപത്യവും തിരിച്ചുകൊണ്ടുവരുന്ന അജണ്ടയെ ചെറുത്തുതോൽപ്പിച്ചേ തീരൂ.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. വിപിന്റെ പിഎച്ച്ഡി രജിസ്ട്രേഷൻ തടയാൻ ഡോ. വിജയകുമാരി ശ്രമിച്ചിരുന്നു. അന്നത്തെ സിൻഡിക്കേറ്റും ഇടപെട്ട് വിസിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിപിന് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഡോ. വിജയകുമാരിയുടെ ഇടപെടൽ മൂലം ഒരു വർഷം നഷ്ടമായി. രജിസ്ട്രേഷൻ തടയാൻ ശ്രമിച്ചു പരാജയപ്പെട്ട ഡീൻ, വിപിന്റെ പിഎച്ച്ഡി തടയാൻ ശ്രമിക്കുകയാണ് എന്ന് പകൽപോലെ വ്യക്തം.
കേട്ടുകേൾവിയില്ലാത്ത പ്രവൃത്തിയാണ് വിപിന്റെ ഓപ്പൺ ഡിഫൻസ് ദിവസം അരങ്ങേറിയത്. വിപിനെ അപമാനിക്കാനും മാനസികമായി തളർത്താനും ഒരു സംഘത്തെത്തന്നെ വിജയകുമാരി നിയോഗിച്ചിരുന്നു. ഓപ്പൺ ഡിഫൻസ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച അവരെ ഒടുവിൽ ചെയർപേഴ്സൺ ഓൺലൈൻ കോൺഫറൻസിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഓപ്പൺ ഡിഫൻസിലെ പ്രകടനം വിലയിരുത്തി, പിഎച്ച്ഡി അവാർഡ് ചെയ്യുന്നതിനെക്കുറിച്ച് അന്തിമതീരുമാനം പ്രഖ്യാപിക്കേണ്ടത് ചെയർപേഴ്സൺ ആണ്. വിപിന്റെ പേര് ഉറപ്പിച്ചു പറഞ്ഞ്, പിഎച്ച്ഡി അവാർഡിന് താൻ റെക്കമെന്റ് ചെയ്യുന്നുവെന്ന് ചെയർപേഴ്സൺ പ്രൊഫ. അനിൽ പ്രസാദ് ഗിരി പലതവണ ഓപ്പൺ ഡിഫൻസ് വേദിയിൽ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ചെയർപേഴ്സണെ ധിക്കരിച്ച്, വിപിൻ വീണ്ടും തീസീസ് സബ്മിറ്റ് ചെയ്യണമെന്ന് പറയാൻ ഡോ. വിജയകുമാരിയ്ക്ക് എന്തവകാശമെന്ന ചോദ്യമാണ് ഉയരുന്നത്.
കേരള യൂണിവേഴ്സിറ്റിയെ ലോകത്തെ അക്കാദമിക് സമൂഹത്തിനു മുന്നിൽ നാണം കെടുത്തുകയാണ് ഡോ. വിജയകുമാരി ചെയ്തത്. അവരുടെ ആ വേദിയിലെ വർത്തമാനം കേട്ടാലറിയാം, ഡോ. വിജയകുമാരിയ്ക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ സംസാരിക്കാനുള്ള ഒരു പ്രാവീണ്യവുമില്ല. ചടങ്ങ് നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, എന്തൊക്കെയോ സംസ്കൃതത്തിൽ തപ്പിത്തടഞ്ഞ് സംസാരിക്കാൻ ശ്രമിക്കുന്ന ഡീൻ അതിദയനീയമായ അക്കാദമിക് കാഴ്ചയാണ്. ഇവരാണ് വിപിൻ സംസ്കൃതത്തിൽ മറുപടി പറഞ്ഞില്ലെന്ന് ആക്ഷേപിച്ച് ആ വിദ്യാർത്ഥിയ്ക്ക് പിഎച്ച്ഡി നിഷേധിക്കാൻ ഇക്കണ്ട അഭ്യാസങ്ങളെല്ലാം കാണിച്ചത്.
ഓപ്പൺ ഡിഫൻസ് സംബന്ധിച്ച് സർവകലാശാല പുറത്തിറക്കിയ എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും ഡോ. വിജയകുമാരി ലംഘിച്ചു. പ്രൊഫ. അനിൽ പ്രതാപ് ഗിരിയെപ്പോലൊരു പ്രഗത്ഭനെ പരസ്യമായി അവഹേളിച്ചു. സർവകലാശാലയെ ലോകത്തിനു മുന്നിൽ നാണം കെടുത്തി. വിപിൻ വിജയന്റെ പിഎച്ച്ഡി തീസീസ് വിലയിരുത്തിയ എക്സ്പെർട്ട് പാനലിനെയും ഗൈഡിനെയും അപമാനിച്ചു. ഡീനിനെ പുറത്താക്കാൻ ഇതെല്ലാം മതിയായ കാരണങ്ങളാണ്.
എന്നാൽ ആ നടപടി സ്വീകരിക്കാൻ സംഘപരിവാറിന്റെ ഏറാൻമൂളിയായി അധപതിച്ച വൈസ് ചാൻസലർ മടിച്ചു നിൽക്കുകയാണ്. കുടിലമായ വഴികളുപയോഗിച്ച് തന്റെ വിദ്യാർത്ഥിയുടെ പിഎച്ച്ഡി തടയാൻ ശ്രമിച്ച ഡോ. വിജയകുമാരിയ്ക്ക് പിന്തുണയുമായി ബിജെപിയും രംഗത്തുവന്നു കഴിഞ്ഞു. വിപിനെപ്പോലൊരാൾ സംസ്കൃതത്തിൽ പിഎച്ച്ഡിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണ് അവർ പ്രകടിപ്പിക്കുന്നത്. ജാതിമേധാവിത്തം ചവിട്ടിത്താഴ്ത്തിയ വിഭാഗങ്ങളിലുള്ളവർ വേദം ശ്രവിക്കുന്നതും പറയുന്നതും വിലക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ ചെവിയിൽ ലോഹം ഉരുക്കിയൊഴിക്കുക, നാവ് അരിയുക തുടങ്ങിയ ശിക്ഷകളാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ഇന്ന് ആ കാലം പോയി. എന്നാൽ ആ മനോഭാവമുള്ളവർ ഇപ്പോഴുമുണ്ടെന്നാണ് ഡോ. വിജയകുമാരിയുടെ കാട്ടിക്കൂട്ടലുകളിൽ നിന്ന് മനസിലാകുന്നത്.
ഇത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. പിഎച്ച്ഡി ഓപ്പൺ ഡിഫൻസിന് സർവകലാശാല പുറപ്പെടുവിച്ച നിഷ്കർഷയാണ് നടപ്പിലാകേണ്ടത്. അതിനു മുകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ ഡോ. വിജയകുമാരിയ്ക്ക് ഒരധികാരവുമില്ല. ഉണ്ടെന്ന് അവർ കരുതുന്ന അധികാരം ജാതിവ്യവസ്ഥയുടെ അധികാരമാണ്. ആ കാലം പോയി എന്ന് തിരിച്ചറിയാതെ, ഇരുണ്ട യുഗത്തിൽ ജീവിക്കുന്ന ഡീൻ അധ്യാപികയുടെ സ്ഥാനത്ത് തുടരാൻ അർഹയല്ല.അവരെ എത്രയും വേഗം ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം. കേരള സർവകലാശാലയുടെ നഷ്ടപ്പെട്ട അന്തസ് വീണ്ടെടുക്കണം. ഡോ. വിജയകുമാരിയെപ്പോലെ തലച്ചോറിൽ ചാണകം പേറുന്നവരെ പിന്തുണയ്ക്കുന്ന ബിജെപിയുടെ യഥാർത്ഥ രാഷ്ട്രീയം തിരിച്ചറിയണം.
















