എസ്എടി ആശുപത്രിയിലെ ശിവപ്രിയയുടെ മരണത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയാണ് എന്നാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നല്ല രോഗബാധയുണ്ടായതെന്നും ആശുപത്രി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ശിവപ്രിയയുടെ ഭര്‍ത്താവ് മനു രംഗത്തെത്തി. നീതി ലഭിക്കില്ലെന്നും ഇതായിരിക്കും റിപ്പോര്‍ട്ടെന്ന് പ്രതീക്ഷിച്ചെന്നും മനു പറഞ്ഞു. വീട്ടില്‍ നിന്ന് ശിവപ്രിയയ്ക്ക് അണുബാധയുണ്ടാകാനുളള ഒരു സാധ്യതയുമില്ലെന്നും തുടര്‍നടപടി എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മനു വ്യക്തമാക്കി. ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് അണുബാധയെ തുടര്‍ന്ന് ശിവപ്രിയ മരിച്ചത്. പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശിവപ്രിയയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തെങ്കിലും മരിച്ചു. പിന്നാലെ എസ്എടി ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.
Story Highlights : Sivapriya’s death: Reportedly the cause of infection was Staphylococcus bacteria
















