പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ നവദമ്പതികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു.ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
ശനിയാഴ്ച വിവാഹിതരായ ദമ്പതികളും, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. വാതക ചോർച്ചയെ തുടർന്ന് മുറിയിൽ ഗ്യാസ് നിറഞ്ഞതാണ് വലിയ സ്ഫോടനത്തിന് വഴിവെച്ചതെന്ന് അടിയന്തര വിഭാഗം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സ്ഫോടനത്തിന്റെ അതിശക്തമായ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും ചുവരുകളും പൂർണ്ണമായും തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. മരിച്ചവരിൽ ആറു പേർ നവദമ്പതികളുടെ അടുത്ത ബന്ധുക്കളാണ്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
















