മലപ്പുറം പുതുപൊന്നാനി 44-ാം വാർഡിൽ ‘സഖാക്കൾ’ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് (NOTA) വോട്ട് ചെയ്യുമെന്ന് പരസ്യപ്രഖ്യാപനം. ”അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധസ്ഥരല്ല… ഈ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്” എന്നാണ് ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ.
ജനവികാരം മാനിക്കാത്ത പ്രസ്ഥാനങ്ങൾ പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വരുമെന്ന ശക്തമായ താക്കീതും ഇതിലുണ്ട്. വിപ്ലവ നായകൻ ചെഗുവേരയുടെയും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രതിഷേധ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
എം.കെ. സക്കീറിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതിലുള്ള കടുത്ത പ്രതിഷേധമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഒരാൾക്ക് തന്നെ എല്ലാ പദവികളും നൽകുന്നതിനെതിരെ പ്രാദേശിക തലത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. പാർട്ടി അണികൾക്കിടയിലുള്ള ഈ അതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
”ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകും.” – ഫ്ലക്സ് ബോർഡിലെ താക്കീത്.
വിവാദം കൊഴുത്തതോടെ ഇന്നലെ രാത്രിയോടെ തന്നെ ഫ്ലക്സ് ബോർഡ് സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
















