കൊച്ചി: മുൻനിര ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്‌സ് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ സഹകരണത്തോടെ നടത്തുന്ന ഫൈവ്‌സ് ഫുട്‍ബോൾ മത്സരങ്ങൾക്ക് തുടക്കമിട്ടു.
ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന “റോഡ് റ്റു ഓൾഡ് ട്രാഫോർഡ്” എന്ന ടൂർണമെന്റിന്റെ ഭാഗമായുള്ള മത്സരം മാർച്ച് 24 ന് കൊച്ചിയിലെ യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ നടക്കും.
എന്നും മികച്ച പ്രകടനത്തിന് മുൻതൂക്കം നൽകുന്ന സ്ഥാപനമാണ് അപ്പോളോ ടയേഴ്‌സ്. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർക്ക് യുകെയിലെ മാഞ്ചസ്റ്റർ നഗരത്തിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അത്യപൂർവ അവസരം ലഭിക്കും.
ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടും അവിടുത്തെ ഐതിഹാസിക ഫുട്ബോൾ മൈതാനവുമായ ഓൾഡ് ട്രാഫോഡിൽ പന്തുതട്ടാനുള്ള സ്വപ്നതുല്യമായ ഭാഗ്യവും കാത്തിരിക്കുന്നു. മെയ് 31ന് അവിടെ നടക്കുന്ന മത്സരത്തിലായിരിക്കും ടൂർണമെന്റിലെ ആഗോളതല ജേതാക്കളെ തീരുമാനിക്കപ്പെടുക.
മുൻവർഷത്തേക്കാൾ ബൃഹത്തായ കാൻവാസിലാണ് ഇത്തവണത്തെ മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആറ് നഗരങ്ങളിലാണ് ദേശീയതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഡൽഹി, പുണെ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ആവേശമേറിയ മത്സരങ്ങൾക്ക് വേദിയാകാൻ സജ്ജമായിട്ടുള്ളത്. ഈ നഗരങ്ങളിലെ പ്രാഥമിക മത്സരങ്ങളിൽ ജയിക്കുന്നവർ ചെന്നൈയിൽ നടക്കുന്ന ദേശീയഫൈനലിൽ ഏറ്റുമുട്ടും.
ലോകത്തിലെ ഏറ്റവും വിജയകരമായ ഫുട്ബോൾ ക്ളബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവരുടെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിന് സമ്പന്നമായ ചരിത്രവും അതീവഹൃദ്യമായ ആരാധകരുമാണുള്ളത്.
അവിടെ കാൽപന്ത് കളിക്കാൻ കിട്ടുന്ന അവസരം അഭിമാനകരമാണെന്ന് അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളുടെ ചുമതലയുള്ള മാർക്കറ്റിംഗ് വിഭാഗം ഗ്രൂപ്പ് ഹെഡ് വിക്രം ഗർഗ്ഗ പറഞ്ഞു.
“റോഡ് റ്റു ഓൾഡ് ട്രാഫോർഡ്” എന്ന പരമ്പരയിലൂടെ ഇന്ത്യക്കാരുടെ ഫുട്ബാളിനോടുള്ള അഭിനിവേശം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനും രാജ്യത്തിനകത്തെ പ്രതിഭകൾക്ക് അന്താരാഷ്ട്ര തലത്തിൽ അവരുടെ മികവ് പ്രകടിപ്പിക്കാനുള്ള ഒരവസരം നൽകാനുമാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ ചെറുപ്പക്കാരായ ഫുട്ബോൾ പ്രേമികൾക്ക് അവരുടെ കഴിവുകൾ പുതിയ തലത്തിലേക്ക് ഉയർത്താൻ ഈ ഉദ്യമം പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റോഡ് റ്റു ഓൾഡ് ട്രാഫോർഡിന്റെ 2023 ൽ നടന്ന മുൻ പതിപ്പിൽ മുംബൈയിൽ നിന്നുള്ള കലീന റേഞ്ചേഴ്സ് ആയിരുന്നു വിജയികൾ. ദേശീയതലത്തിലും ഒന്നാം സ്ഥാനത്തെത്തിയാണ് അവർ ആഗോളതലത്തിലും കപ്പടിച്ചത്.
Read More…….
പകരംവെയ്ക്കാനില്ല ഫുട്ബോൾ മികവാണ് കലീന റേഞ്ചേഴ്സ് അന്ന് പുറത്തെടുത്തത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ ഇതിഹാസ താരങ്ങളായ ദിമിറ്റർ ബെർബെറ്റോവ്, ട്രെബിൽ ജേതാക്കളായ വെസ് ബ്രൗൺ, ആൻഡി കോൾ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ റെനഡി സിംഗ്, ജെജെ ലാൽപെക്ലുവ, റോബിൻ സിങ്, തന്വി ഹാൻസ് എന്നിവരായിരുന്നു കലീന റേഞ്ചേഴ്സിന്റെ എതിരാളികൾ.
റോഡ് റ്റു ഓൾഡ് ട്രാഫോർഡ് പരമ്പരയിൽ ജയിച്ചതിലും മാഞ്ചസ്റ്ററിലും ഇന്ത്യയിലുമുള്ള ഇതിഹാസ താരങ്ങൾക്കൊപ്പം കളിയ്ക്കാൻ സാധിച്ചതിലും അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നായിരുന്നു കലീന റേഞ്ചേഴ്സ് ടീമിന്റെ മാനേജരും കോച്ചുമായ പ്രിത്വി വിക്ടർ അന്ന് പ്രതികരിച്ചത്.
ടീമിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി അവസരമൊരുക്കി സഹായിച്ച അപ്പോളോ ടയേഴ്സിനോടുള്ള നന്ദിയും അവർ അറിയിച്ചു.
ഇക്കൊല്ലത്തെ റോഡ് റ്റു ഓൾഡ് ട്രാഫോർഡ് പരമ്പരയ്ക്കുള്ള രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. താല്പര്യമുള്ള ടീമുകൾക്ക് https://www.apollotyres.com/en-in/stories/campaigns/sports/road-to-old-trafford/rtot-consumer-contest/ എന്ന വെബ് വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.