‘പ്രേമലു’ സിനിമ തിയറ്ററിൽ നിലത്തിരുന്ന് കാണുന്ന സംവിധായകൻ ദിലീഷ് പോത്തന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില് ഇപ്പോൾ വൈറൽ ആകുന്നത്.
സിനിമയുടെ തെലുങ്ക് പതിപ്പ് ഹൈദരാബാദിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. തെലുങ്ക് പതിപ്പിന്റെ പ്രമോഷന്റെ ഭാഗമായി തിയറ്ററുകളിലെത്തിയപ്പോഴാണ് സീറ്റ് ഇല്ലാതിരുന്നതിനാൽ തെലുങ്ക് പ്രേക്ഷകർക്കൊപ്പം ചിത്രം നിലത്തിരുന്ന് കാണാൻ അദ്ദേഹം തീരുമാനിച്ചത്.
ദിലീഷ് പോത്തൻ സിനിമ കാണുന്ന ദൃശ്യം ശ്യാം പുഷ്കരനാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് പ്രേമലു തെലുങ്ക് വിതരണത്തിനെടുത്തിരിക്കുന്നത്. മാർച്ച് എട്ടിനാണ് പ്രേമലു തെലുങ്ക് തിയറ്ററുകളിലെത്തിയത്.
തെലുങ്ക് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിനെ തുടർന്ന് രാജമൗലിയുടെ നേതൃത്വത്തിൽ സിനിമയുടെ സക്സസ് മീറ്റും സംഘടിപ്പിച്ചിരുന്നു.
സിനിമയുടെ തമിഴ് പതിപ്പ് മാർച്ച് 15ന് റിലീസിനെത്തി. പ്രമുഖ നിർമാണ–വിതരണ കമ്പനിയായ റെഡ് ജയന്റ് പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില് വിതരണത്തിനെത്തിക്കുന്നത്.
Read More……
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
ഈ വർഷം നൂറു കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘പ്രേമലു’. കേരളത്തിൽ മാത്രമല്ല അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തെലുങ്ക് അടക്കമുള്ള സ്ഥലങ്ങളിലെ വൻ സ്വീകാര്യതയാണ് ഈ സുവർണനേട്ടത്തിലെത്താൻ ചിത്രത്തെ സഹായിച്ചത്.
കേരളത്തിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും മുപ്പതുകോടിക്കു മുകളിൽ ലഭിച്ചു. തിയറ്റർ കലക്ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ മലയാള ചിത്രം കൂടിയാണിത്. ലൂസിഫർ, പുലിമുരുകന്, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകൾ.
ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ.