ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇ.ഡി സമന്‍സ് കേസില്‍ ഡല്‍ഹി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. സമന്‍സുകള്‍ കൈപ്പറ്റാതെ മുങ്ങിനടക്കുന്നു എന്നതിന് ഇ.ഡി നല്‍കിയ കേസിലാണ് റൗസ് അവന്യു കോടതിയില്‍ കെജരിവാള്‍ ഹാജരായത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് കെജരിവാള്‍ കോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞ വാദസമയത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം പങ്കെടുത്തിരുന്നു.
ഡല്‍ഹി എകൈ്‌സസ് നയം സംബന്ധിച്ച അഴിമതി കേസില്‍ ഇ.ഡി രണ്ട് പരാതികളാണ് കെജരിവാളിനെതിരെ ഉന്നയിക്കുന്നത്. എക്‌സൈസ് നയം രൂപീകരിക്കുന്നതിനു നടത്തിയ മീറ്റിംഗുകളെപ്പറ്റി തങ്ങള്‍ക്ക് കെജരിവാളിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് കോടതിയില്‍ ഇ.ഡി ബോധിപ്പിച്ചിരുന്നു.
സമന്‍സുകള്‍ അനധികൃതവും രാഷ്ട്രീയ പ്രേരിതവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ ഇ.ഡി മുമ്പാകെ ഹാജരാകാതിരുന്നത്. 50,000 രൂപയുടെ ഉറപ്പ് ബോണ്ട് നല്‍കാന്‍ കോടതി കെജരിവാളിന് നിര്‍ദേശം നല്‍കി. ഇനി എപ്രില്‍ ഒന്നിനാണ് കോടതി കേസ് പരിഗണിക്കുന്നത്.
അതേസമയം, കെജരിവാള്‍ നിയമം അനുസരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍, കെജരിവാളിനെതിരെ ഒരു തെളിവുമില്ലാത്ത കേസാണിതെന്ന് എ.എ.പി ചൂണ്ടിക്കാട്ടി.
















