എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ തെരഞ്ഞെടുപ്പ് കടപ്പത്ര വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് എന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാർട്ടിനെതിരെ കേന്ദ്ര സർക്കാർ ഏജൻസികളായ സിബിഐയും ഇഡിയും അന്വേഷണം നടത്താൻ ആരംഭിച്ചതിന് ശേഷമാണ് ഈ ബോണ്ടുകൾ വാങ്ങിക്കുട്ടിയത്.
മാർട്ടിൻ്റെ ലോട്ടറി സാമ്രാജ്യവുമായി ബന്ധപെട്ട വിവരങ്ങൾ കൈമാറണമെന്ന് കേന്ദ്ര സർക്കാർ എട്ട് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ശേഷമാണ് ഈ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ലോട്ടറി രാജാവ് നടത്തിയ ക്രമക്കേടുകളെപ്പറ്റിയും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
പ്രധാനമായും ആറ് മുന്നറിയിപ്പുകളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത്. കേരളത്തിൽ മാർട്ടിൻ ചെയ്ത ക്രമക്കേടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അതേ തുടർന്ന് കേരളത്തിൽ മാർട്ടിന്റെ സിക്കിം സ്റ്റേറ്റ് ലോട്ടറി നിരോധിക്കുകയും ചെയ്തതാണ്. അതിന് ശേഷവും.കൊൽക്കത്തയിൽ താമസിച്ച് ബംഗാളിലും അയൽ സംസ്ഥാനങ്ങളിലും നിയമവിരുദ്ധമായി ലോട്ടറി വിൽക്കുന്നു. സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന നിരവധി തട്ടിപ്പ് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിട്ടുണ്ട്.സംസ്ഥാന സർക്കാറിന്റെ അറിവില്ലാതെ എണ്ണമറ്റ ടിക്കറ്റുകൾ അച്ചടിക്കുന്നു.സമ്മാനം കിട്ടുന്ന ടിക്കറ്റുകളാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 1000 കോടിയിലേറെ വരവിൽ കവിഞ്ഞ പണം മാർട്ടിന്റെ പക്കലുണ്ട്.2010ലെ ലോട്ടറി നിയന്ത്രണ ചട്ടങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായി സീരിയൽ നമ്പറിടാതെയും പ്രത്യേക നമ്പർ കെട്ടുകളിലാക്കിയും ലോട്ടറി ടിക്കറ്റുകൾ വിറ്റഴിച്ചു. എന്നിങ്ങനെയുള്ള മുന്നറിയിപ്പാണ് കേന്ദ്രം നൽകിയത്. തുടർന്ന്ലോട്ടറി ബിസിനസിനെ കുറിച്ച് അടിയന്തിരമായി വിവരമറിയിക്കണമെന്ന് എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർട്ടിനെയും ബിസിനസിനേയും സൂക്ഷിക്കണമെന്ന് ജാഗ്രത പുറപ്പെടുവിച്ച ശേഷം 1360 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലോട്ടറി രാജാവിൻ്റെ കമ്പനി വാങ്ങിക്കൂട്ടിയത്.
2019 സെപ്റ്റംബർ 23നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ‘കേന്ദ്ര-സംസ്ഥാന വിഭാഗം സാന്റിയാഗോ മാർട്ടിൻ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് നടത്തുന്ന പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ പ്രത്യേകം പരാമർശിച്ച് കത്ത് നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ ബിഗ് സ്റ്റാർ ജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സാന്റിയാഗോ മാർട്ടിൻ നടത്തിയിരുന്നു. മാർട്ടിനും അയാളുടെ ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങുന്ന പരാതികൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു കത്തിൻ്റെ ഉള്ളടക്കം.
മാർട്ടിൻ്റെ ബിസിനസുകളുമായി അകലം പാലിക്കാൻ 2019 ൽ ലോട്ടറി പുറത്തിറക്കുന്ന എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. മുന്നറിയിപ്പ് നൽകിയതിൻ്റെ തൊട്ടടുത്ത മാസം തന്നെ കേന്ദ്ര സർക്കാറിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ നിന്ന് 190 കോടി രൂപയുടെ ബോണ്ടുകൾ മാർട്ടിൻ വാങ്ങി.
2019ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാർട്ടിനെതിരെ അനധികൃത പണമിടപാട് അന്വേഷണം നടത്തിയിരുന്നു. തുടന്ന് 2019 ജൂലൈയിൽ 250 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പിന്നീട് 2022 ഏപ്രിൽ 2ന് 409.92 കോടിയുടെ ജംഗമ വസ്തുക്കളും കണ്ടുകെട്ടി. ഇഡി നടപടി യുടെ അഞ്ചാം ദിവസം ഏപ്രിൽ 7ന് ലോട്ടറി രാജാവ് വീണ്ടും 100 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി.