ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങളിൽ സുപ്രീംകോടതിക്ക് അതൃപ്തി. തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങളിൽ ബോണ്ട് നമ്പർ ഉൾപ്പെടെ പ്രസിദ്ധീകരിക്കണമെന്ന് എസ്ബിഐയോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌അധ്യക്ഷനായ ബെഞ്ച് എസ്ബിഐയോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് രേഖയിൽ സീരിയൽ നമ്പർ ഇല്ലാത്തത്. എല്ലാ രേഖകളും പുറത്തു വിടണം. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ബാങ്കിന് കോടതി നോട്ടീസ് അയച്ചു.
“ആരാണ് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായത്. അവർ ബോണ്ട് നമ്പർ പ്രസിദ്ധീകരിച്ചിട്ടില്ല. എസ്ബിഐയാണ് ഇക്കാര്യം വെളിപ്പെടുത്തേണ്ടത് “- ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ബോണ്ട് നമ്പറുകൾ പരസ്യപ്പെടുത്തിയാൽ മാത്രമേ പണം നൽകിയ ആളെക്കുറിച്ചും ഏത് രാഷ്ട്രീയപാർട്ടിക്കാണ് പണം നൽകിയതെന്നുമുള്ളത് മനസിലാക്കാൻ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്ന് ചോദിച്ചപ്പോൾ കേസിൽ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റർ ജനറൽ കോടതി മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നൽകിയ വിവരങ്ങളിൽ ബോണ്ട് നമ്പര്‍ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടര്‍ന്ന് എസ്ബിഐക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ഭരണഘടന ബെഞ്ച് ഒരുങ്ങി. എന്നാൽ ബാങ്കിന്റെ വാദം കേള്‍ക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ബാങ്കിന് വീണ്ടും ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ചക്കകം മറുപടി നൽകണമെന്ന് നോട്ടീസ് അയച്ചത്
അതേസമയം; ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച് മുദ്ര വച്ച കവറില്‍ തങ്ങള്‍ കൈമാറിയ രേഖകള്‍ തിരികെ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. രേഖകളുടെ പകര്‍പ്പ് തങ്ങളുടെ പക്കല്‍ ഇല്ലെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്ത് കൊണ്ടാണ് പകര്‍പ്പ് എടുത്ത് സൂക്ഷിക്കാത്തത് എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പകര്‍പ്പ് കോടതി എടുത്ത് സൂക്ഷിച്ച ശേഷം ശേഷം അസൽ പകർപ്പ് തിരികെ നല്‍കാമെന്ന് സുപ്രീം കോടതി അറിയിച്ചു. കൈമാറിയ രേഖകളുടെ കോപ്പിയെടുത്ത ശേഷം നാളെ വൈകീട്ട് അഞ്ചിനകം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ അടങ്ങിയ 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം എസ്ബിഐ കൈമാറിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ രാത്രിയോടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മാർച്ച് 15ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിർദേശം. സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചത്.
നിലവിൽ പ്രസിദ്ധീകകരിച്ച കണക്കുകൾ പ്രകാരം 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ കേന്ദ്ര ഭരണ പാർട്ടിയായ ബിജെപി ഇലക്ട്രൽ ബോണ്ടു വഴി കൈപ്പറ്റിയത് 6060.5 കോടി. മൊത്തം ബോണ്ടുകളുടെ മൂല്യത്തിൻ്റെ 47.5% ആണിത്.
പശ്ചിമ ബംഗാളിലെ ഭരണപ്പാർട്ടിയായ തൃണമുൽ കോൺഗ്രസ് ഇക്കാലയളവിൽ 1,609.50 കോടി രൂപ കൈപ്പറ്റി. ആ ബോണ്ടുകളുകളുടെ മൂന്ന് 12.6% വരുമിത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഇലക്ട്രൽ ബോണ്ടുകൾ വഴി ലഭിച്ചത് 1,421.9 കോടി രൂപയാണ്. 11.1% ശതമാനം. തെലങ്കാനയിലെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബിആർ എസ് – 1214.61 കോടി ), ഒഡീഷയിലെ ഭരണപ്പാർട്ടിയായ ബിജു ജനതാദൾ (ബിജെഡി – 775.5 കോടി), തമിഴ്നാട്ടിലെ പ്രധാന ഭരണപ്പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ – 639 കോടി) എന്നിവയാണ് ഈ കാലയളവിൽ 500 കോടിയിലധികം രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന കൈപ്പറ്റിയ പാർട്ടികൾ. ആം ആദ്മി പാർട്ടി 65 കോടിയും എഐഎഡിഎംകെ 6.05 കോടിയും ഇക്കാലയളവിൽ കൈപ്പറ്റി. ഇടതുപാർട്ടികളായ സിപിഎം ഉം സിപിഐയും ഇലക്ട്രൽ ബോണ്ടു വഴി സംഭാവന കൈപ്പറ്റിയിട്ടില്ല.
ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളില്‍ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയാണ് മുന്നിൽ. സാൻറിയാഗോ മാര്‍ട്ടിന്‍റ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് ഹോട്ടല്‍ സർവീസസ് 1368 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങികൂട്ടി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകി. ഡോ. റെഡ്ഡീസ് തുടങ്ങിയ ഫാർമ കമ്പനികളും ബോണ്ടുകൾ വഴി സംഭാവന നൽകിയിട്ടുണ്ട്.
മേഘ എഞ്ചിനീയറിങ് ആന്‍റ് ഇൻഫ്രാസ്ക്ചർ ലിമിറ്റഡ് 980 കോടിയുടെ ബോണ്ടുകൾ വാങ്ങി. മേഘ എഞ്ചിനീയറിങെനിതിരെ ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു.വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ബോണ്ടുകള്‍ വാങ്ങി കോടികള്‍ സംഭാവന നല്‍കി. നിരവധി ഖനി കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ സംഭാവന നല്‍കി. അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല. ഐടിസി എയർടെൽ, സൺഫാർമ, ഇൻഡിഗോ, എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, DLF, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ലിസ്റ്റിലുണ്ട്.
ക്വിക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല്‍ മൈനിങ്ങ് ആന്‍ഡ് ഇന്‍ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്‍ക്ക് ഇന്‍ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല്‍ മൂല്യത്തിന് ബോണ്ടുകള്‍ വാങ്ങിയ കമ്പനികള്‍.
2023 ഫെബ്രുവരി 15ന് ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ വാങ്ങിയതായും അതിൽ 22,030 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തതായും എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.