ഹോളിവുഡ് നടി ഒലിവിയ മണിന് കാൻസര്‍. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് സ്തനാർബുദമാണെന്നും അതിനുള്ള ചികിത്സയിലാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ താരം തുറന്നുപറഞ്ഞു.
നാലു തവണ ശസ്ത്രക്രിയ നടത്തിയെന്നും ഡോക്ടർമാരാണ് തന്റെ ജീവിതം തിരിച്ചുകൊണ്ടുവന്നതെന്നും ഒലിവിയ വ്യക്തമാക്കുന്നു. എക്സ് മെൻ, അയൺ മാൻ 2, പ്രഡേറ്റർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഒലിവിയ മൺ.
‘‘2023 ഫെബ്രുവരിയിലാണ് കാൻസര്‍ പരിശോധനയ്ക്കു വിധേയയായത്. ഞാൻ 90 വ്യത്യസ്ത കാൻസർ ജീനുകൾ പരിശോധിക്കുന്ന ഒരു ജനിതക പരിശോധന നടത്തി. BRCA (ബ്രെസ്റ്റ് കാൻസർ ജീൻ) ഉൾപ്പെടെ എല്ലാത്തിനും നെഗറ്റീവ് ആയിരുന്നു.
എന്റെ സഹോദരി സാറയും നെഗറ്റീവായിരുന്നു. ഞങ്ങൾ പരസ്പരം വിളിച്ച് ഫോണിൽ സംസാരിച്ചു. അതേ ശൈത്യകാലത്ത് എനിക്ക് ഒരു സാധാരണ മാമോഗ്രാം ടെസ്റ്റ് ഉണ്ടായിരുന്നു. രണ്ട് മാസത്തിനു ശേഷം എനിക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തി.’’– ഒലിവിയ പറയുന്നു
തുടർന്നുള്ള പരിശോധനകളിൽ, രണ്ട് സ്തനങ്ങളിലും കാൻസർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ നടത്തി. ‘‘എനിക്കെന്റെ ശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. നിങ്ങളോട് പങ്കുവയ്ക്കുന്നതിന് മുമ്പ് കഠിനമായ കാലങ്ങളിലൂടെയാണ് കടന്നുപോയത്’’ എന്നു പറഞ്ഞ ഒലീവിയ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു.
Read More…….
- പത്മിനി തോമസ് BJP യിലേക്ക്
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- 100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം: ആറ് ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ‘ശൈത്താൻ’
സ്തനാർബുദ സാധ്യത വിലയിരുത്തുന്നതിനുള്ള സ്കോർ കണക്കാക്കാൻ ഡോക്ടർ തീരുമാനിച്ചതിനു ശേഷമായിരുന്നു രോഗനിർണയം. സ്തനാർബുദത്തിനുള്ള സാധ്യത 37% ആണെന്ന് ഡോക്ടർ കണ്ടെത്തിയതിനെത്തുടർന്ന് എംആർഐ ചെയ്യാൻ അയച്ചു, ബയോപ്സിയിൽ രണ്ട് സ്തനങ്ങളിലും അപകടകരമായ ലുമിനൽ ബി കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
വളരെ പെട്ടന്നു തന്നെ രോഗനിർണയം നടത്താൻ കഴിഞ്ഞതാണ് ഭാഗ്യമായതെന്നും ഒലിവിയ പറഞ്ഞു. ‘‘എനിക്ക് മാർഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അത് കണ്ടെത്തി. നാളെ ഏതൊരു സ്ത്രീയും ഈ ഘട്ടം അഭിമുഖീകരിക്കുക തന്നെ വേണം.’’–ഒലിവിയയുടെ വാക്കുകൾ.
ബയോപ്സി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം നടത്തിയ ഇരട്ട സ്തന ശസ്ത്രക്രിയ ഉൾപ്പെടെ, കഴിഞ്ഞ 10 മാസത്തിനിടയിൽ നാല് ശസ്ത്രക്രിയകൾക്കാണ് നടി വിധേയയായത്. രോഗവിവരം പങ്കുവയ്ക്കുന്നത് മറ്റുള്ളവർക്കു കൂടി സഹായകമാകും എന്നു കരുതിയാണെന്നും ഒലിവിയ വ്യക്തമാക്കി.