മലയാളത്തിനുപുറമേ തെലുങ്കിലും വിജയക്കൊടി പാറിക്കുകയാണ് ഗിരീഷ് എ.ഡി സംവിധാനംചെയ്ത പ്രേമലു. നസ്ലിനും മമിത ബൈജുവും ശ്യാം മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ സക്സസ് മീറ്റ് കഴിഞ്ഞദിവസം നടന്നു.
ഈ ചടങ്ങിൽ പ്രേമലുവിലെ താരങ്ങളേയും അണിയറപ്രവർത്തകരേയും മനസ്സു നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ എസ്. എസ്. രാജമൗലി.
രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ ആണ് പ്രേമലുവിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത്. മലയാള സിനിമ മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിൽ വിജയിക്കുന്നുണ്ടെന്നും അതിൽ തനിക്ക് അല്പം അസൂയയുണ്ടെന്നും രാജമൗലി പറഞ്ഞു.
പ്രേമലു കണ്ട് ചിരിയടക്കാൻ സാധിച്ചില്ലെന്നുപറഞ്ഞ അദ്ദേഹം സംവിധായകൻ ഗിരീഷിനേയും പ്രധാനതാരങ്ങളേയും അഭിനന്ദിച്ചു. ഗീതാഞ്ജലിയിൽ അഭിനയിച്ച ഗിരിജാ ഷെട്ടാറിനേയും സായി പല്ലവിയേയുംപോലെ നായിക മമിതാ ബൈജു ആരാധകരുടെ ഹൃദയത്തുടിപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷൻ സിനിമകളാണ് എനിക്കേറെയിഷ്ടം. അതുകൊണ്ട് റൊമാന്റിക് കോമഡി സിനിമകളോ മറ്റ് വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളോ ആകർഷിക്കാറില്ല. പ്രേമലു തെലുങ്കിൽ അവതരിപ്പിക്കാമെന്ന് കാർത്തികേയ പറഞ്ഞപ്പോൾ ആദ്യം ഞാൻ അധികം താത്പര്യം കാണിച്ചില്ല.
എന്നാൽ പ്രേമലു തിയേറ്ററിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. ഇതിനുമുമ്പ് ഇതുപോലെ ഒരു സിനിമ കണ്ട് ഇത്രയും പൊട്ടിച്ചിരിച്ചത് എന്നാണെന്നോർമയില്ല. അതിന് ആദ്യം ക്രെഡിറ്റ് നൽകേണ്ടത് എഴുത്തുകാരന് തന്നെയാണ്. രാജമൗലി പറഞ്ഞു.
“അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എന്റെ ചെല്ലപ്പേര് അമുൽ എന്നാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാവർക്കുമുണ്ടാവും അമലിനേപ്പോലൊരു സുഹൃത്ത്. ട്രെയിലർ കണ്ടപ്പോൾ ഒരു സാധാരണ പയ്യൻ എന്നാണ് സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെക്കുറിച്ച് തോന്നിയത്.
സിനിമ കണ്ടപ്പോൾ നസ്ലിനെ ഒരുപാട് ഇഷ്ടമായി. സച്ചിനെപ്പോലെ ഒരു ചെറുപ്പക്കാരനെ കണ്ടാൽ തലയ്ക്ക് ഒരു അടി കൊടുത്തിട്ട്, മര്യാദയ്ക്ക് ഒരു ജോലിയൊക്കെ ചെയ്ത് ആ പെണ്ണിനെ പ്രേമിക്കെടാ എന്ന് പറഞ്ഞേനേ.
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നസ്ലിന്റെ റിയാക്ഷൻ ഏതാണെന്നു ചോദിച്ചാൽ, അവസാന ഭാഗത്ത് ടെറസിൽ ഇരുന്ന് മദ്യപിക്കുന്ന സീനുണ്ട്. അപ്പോൾ റീനുവിന്റെ കഥാപാത്രത്തെ കാണുമ്പോൾ നസ്ലിൻ ഒരു ആംഗ്യം കാണിക്കുന്നുണ്ട്.
Read More……..
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- “ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു: ആ രൂപ ദൈവങ്ങൾക്ക് തന്നെ കൊടുത്തു”
അത് കണ്ടപ്പോൾ തിയേറ്റർ മൊത്തം കൈയടിയായിരുന്നു. കാരണം അതുവരെ ആ പെൺകുട്ടിയെ കാണുമ്പോൾ നെർവസ് ആയിരിക്കുന്ന സച്ചിൻ ഭയങ്കര ആറ്റിറ്റ്യൂഡിൽ ആ ഹായ് കൊടുക്കുന്നത് പ്രതീക്ഷിക്കാത്തതായിരുന്നു. നസ്ലിന് ഉറപ്പായും നല്ലൊരു ഭാവിയുണ്ട്.”
ശ്യാം അവതരിപ്പിച്ച ആദി എന്ന കഥാപാത്രത്തേക്കുറിച്ച് രാജമൗലി എടുത്തുപറഞ്ഞു. സോഫ്റ്റ്വയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മാനറിസം ആദി എന്ന ശ്യാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
എനിക്കേറ്റവും പ്രിയപ്പെട്ട സീൻ മമിതയും ശ്യാമും അവതരിപ്പിച്ച ദേവരാഗം നൃത്തമാണ്. ആദ്യം മുതൽ അവസാനം വരെ ആദി എന്ന കഥാപാത്രം വളരെ രസകരമായിരുന്നു. അതുപോലെ നല്ലൊരു എൻഡിങ് ആണ് ആ കഥാപാത്രത്തിന് കിട്ടിയത്.
തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള മലയാളസിനിമയിലെ നിങ്ങളുടെ മുൻഗാമികളുടെയെല്ലാം നല്ല പേര് നിലനിർത്താൻ നിങ്ങൾക്കായിട്ടുണ്ടെന്നും രാജമൗലി കൂട്ടിച്ചേർത്തു.