ചൂടത്ത് ഏറ്റവും നല്ലത് തണുപ്പാണ്. എന്നാൽ കൊടും തണുപ്പിനേക്കാളും കൂടുതൽ തണുപ്പ് വന്നാലോ? അങ്ങനെ കുറച്ചു ഇടങ്ങളുണ്ട് ഇവിടെ
ദ്രാസ്
തണുപ്പന്‍ നാടുകളുടെ കഥ പറയുമ്പോൾ ആദ്യം തന്നെ പറയേണ്ട ഇടമാണ് ദ്രാസ്. ഒരിക്കൽ ആർട്ടിക്കിനേക്കാളും തണുപ്പ് രേഖപ്പെടുത്തിയ ഒരിടമാണ് ദ്രാസ് എന്നുകൂടി അറിഞ്ഞാൽ മാത്രമേ ഈ നാടിനെ ശരിക്കും മനസ്സിലാവുകയുള്ളൂ.
ലഡാക്കിലേക്കുള്ള കവാടം എന്നാണ് ദ്രാസ് അറിയപ്പെടുന്നത്. ജമ്മു കാശ്മീരിലെ കാർഗിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ആൾത്താമസമുള്ള ഏറ്റവും തണുപ്പുളള പ്രദേശങ്ങളിൽ രണ്ടാമത്തേതു കൂടിയാണ്.
സമുദ്ര നിരപ്പിൽ നിന്നും 10,990 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ തണുപ്പുകാലത്ത് ജീവിച്ചിരിക്കണമെങ്കിൽ സാധാരണ ശാരീരിക ക്ഷമതയും മനക്കട്ടിയും ഒന്നും പോര. മൈനസ് 45 ഡിഗ്രിയിൽ, ചുറ്റിലും നിറഞ്ഞു നിൽക്കുന്ന മഞ്ഞും തണുപ്പിൽ കട്ടിയായ നദികളും ഒക്കെക്കൂടി പ്രദേശത്തെ ഒരു ഭീകര ഇടമാക്കി മാറ്റുന്നു.
സ്പിതി
ദ്രാസിനൊപ്പമല്ലെങ്കിലും തണുപ്പിന്റെ കാര്യത്തിൽ പിടിതരാത്ത ഇടമാണ് സ്പിതി. പ്രകൃതി സ്നേഹികളുടെ സ്വർഗ്ഗമെന്ന് അറിയപ്പെടുമ്പോഴും മഞ്ഞിന്റെ കാണാക്കാഴ്ചകളും ഹിമാചലിന്റെ സൗന്ദര്യവും തേടിയെത്തുന്നവരാണ് ഇവിടുത്തെ സന്ദർശകരിലധികവും.
വർഷത്തിൽ 250 ദിവസം മാത്രമാണ് ഇവിടെ സൂര്യനുദിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ ഇവിടെ കാണുവാൻ ചുറ്റോടുചുറ്റും കിടക്കുന്ന മഞ്ഞും തണുപ്പും മാത്രമാണുള്ളത്. മുൻകൂട്ടി പ്രവചിക്കുവാൻ സാധിക്കാത്തതും എപ്പോൾ വേണമെങ്കിലും ഭീകര രൂപം പ്രാപിക്കുന്നതുമാണ് ഇവിടുത്തെ കാലാവസ്ഥ. അതുകൊണ്ടു തന്നെ ഇവിടെ തണുപ്പുകാലത്ത് സന്ദര്‍ശിക്കുവാനും താമസിക്കുവാനും അതിസാഹസികർക്കു മാത്രമേ സാധിക്കുകയുള്ളൂ.
സ്പിതി എന്നാൽ നടുവിലെ ഭൂമി എന്നാണ് അർഥം.ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തണുപ്പു കാലത്ത് മൈനസ് 30 ഡിഗ്രി വരെ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ട്.
അമർനാഥ്
വേനലിൽ കല്ലും മുള്ളുമൊക്കെയായി കിടക്കുന്ന വഴി തണുപ്പു കാലമാകുമ്പോഴേയ്ക്കും മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കാഴ്ചയാണ് അമർനാഥിലേക്ക് പോകുമ്പോഴുള്ളത്. ഇന്ത്യയിലെ തണുപ്പേറിയ ഇടങ്ങളിലൊന്നാണെങ്കിലും ശിവൻ വസിക്കുന്നുന്നു എന്നു വിശ്വസിക്കപ്പെടുന്ന അമർനാഥിലേക്കുള്ള യാത്രയിൽ ഇതൊന്നും ആരെയും തടസ്സപ്പെടുത്താറില്ല. ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് സ്ഥിതി ചെയ്യുന്നത്.
ലേ ലഡാക്ക്
മഞ്ഞുപെയ്യുന്ന തണുപ്പുള്ള ഇടങ്ങളിൽ മലയാളികൾ ആദ്യ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റൊരിടമാണ് ലേ ലഡാക്ക്.പുരാതന കാലത്ത് ലഡാക്ക് വംശത്തിന്റെ തലസ്ഥാനമായ ലേ, അന്നും ഇന്നും ഇനി എന്നും സഞ്ചാരികൾക്കു പ്രിയപ്പെട്ട നാടാണ്.
പാരമ്പര്യത്തിലും സംസ്കാരത്തിലും ചരിത്രത്തിലുമെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു നിൽക്കുന്ന നിൽക്കുന്ന ഇവിടെ മറ്റിടങ്ങളെ അപേക്ഷിച്ച് തണുപ്പ് കുറവാണെന്നു പറയേണ്ടി വരും. മൈനസ് 20 മുതൽ മൈനസ് 15 വരെയാണ് ഇവിടുത്തെ ശരാശരി താപനില.
കാർഗിൽ
തണുപ്പിന്റെ കാര്യത്തിൽ കാശ്മീരിനെ തോൽപ്പിച്ചിട്ടു മാത്രമേ മറ്റിടങ്ങളുള്ളൂ. തണുപ്പു കാലങ്ങളിൽ മൈനസ് 48 ഡിഗ്രി വരെ പോകുന്ന ഇവിടുത്തെ തണുപ്പ് അനുഭവിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും 2676 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിലിലെ മിക്ക ഇടങ്ങളും ഈ തണുപ്പുകൊണ്ട് കഷ്ടപ്പെടുന്നവരാണ്. ചെറിയ ചെറിയ ബുദ്ധാശ്രമങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച.
സേലാ പാസ് തവാങ്
ഹിമാചലും കാശ്മീരും ഒക്കെ പോലെ തന്നെ തണുപ്പ് അനുഭവപ്പെടുന്ന ഇടമാണ് തവാങ്ങിലെ സെലാ പാസ്. തവാങ്ങിനെ തേസ്പൂരും ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന സെലാ പാസ് വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന ഇടമാണ്.
ഹിമാലയത്തോട് ചേർന്ന് സമുദ്ര നിരപ്പിൽ നിന്നും 4170 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. സീസണിൽ മൈനസ് 15 ഡിഗ്രി വരെ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ട്.
മുൻസിയാരി
ഹിമാലയ പർവ്വത നിരകളുടെ അതിമനോഹരമായ കാഴ്ചകളുള്ള മുൻസിയാരിയും തണുപ്പിനു പേരുകേട്ട ഇടമാണ്. ഉത്തരാഘണ്ഡിലെ പിത്തോർഗഡ് ജില്ലയിലുള്ള ഇവിടം ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള മറ്റൊരിടമാണ്. മൈനസ് മൂന്നു ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെടുന്ന തണുപ്പ്.
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- ജിമ്മിലും പോകണ്ട, ഡയറ്റും എടുക്കണ്ട: വണ്ണം ഇങ്ങനെ കുറച്ചാലോ?
- തേങ്ങ ചിരകണ്ട അരയ്ക്കണ്ട ; ദഹനത്തിനും ഗ്യാസിനും തൈര് കറി എളുപ്പത്തിൽ ഉണ്ടാക്കിയാലോ