കേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരം നടക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷവും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. ബിജെപി എന്ന ഒരു പാർട്ടിക്ക് രാഷ്ട്രീയ കേരള ഭൂപടത്തിൽ ഒരു കണികാ സ്ഥാനം പോലുമില്ല. എന്നാൽ നമ്മൾ ‘No vote for BJP’ എന്ന് പറയുന്നത്. ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഫാസിസം എത്ര ഭീകരമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും സീറോ വോട്ടിലേക്ക് ബിജെപിയെ തരംതാഴ്ത്താനുമാണ്.
തെരഞ്ഞെടുപ്പുകാലത്തെ ഫാസിസ്റ്റ് വിരുദ്ധ പ്രച്ഛന്നങ്ങൾ നിറയുകയാണ്. തൃശ്ശൂരിൽ സ്വത്വ രാഷ്ട്രീയം പ്രസംഗിക്കുന്ന സണ്ണി എം കപിക്കാടിൻ്റെ നേതൃത്വത്തിൽ അഞ്ചാറു പേർ ചേർന്ന ചെറിയ ആൾക്കൂട്ടം ഹിന്ദുത്വ ഫാസിസം സൃഷ്ടിക്കുന്ന രാഷ്ട്രീയ – സാമൂഹിക സാഹചര്യങ്ങളെ ചൂഷണം ചെയ്ത് അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുചാലിലൂടെ ഒഴുകാൻ അവരുടെ സോഷ്യൽ ഫാസിസ്റ്റ് വിധേയത്വം ഒളിച്ചു കടത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
കൃത്യമായി ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാതെ ‘ഇന്ത്യ അലയൻസിന് വോട്ട് ചെയ്യുക’ എന്ന് അവ്യക്തമായി പറഞ്ഞ് വോട്ട് ഭിന്നിപ്പിച്ച് തൃശ്ശൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. പ്രത്യേകിച്ച് തൃശൂരിൽ, ദുർബലമായിട്ടാണെങ്കിലും നടത്തിക്കൊണ്ടിരിക്കുകയാണ്.
സിപിഎമ്മിനാൽ ജന്മം കൊണ്ടവരും, അനുഗ്രഹീതരും, അവരുടെ ജാതി ചൂഷണത്തിനും ഇസ്ലാമോഫോബിയക്കും അദൃശ്യമായ മറക്കുട ചൂടി കൊടുക്കുന്നവരുമായ രാഷ്ട്രീയ മാഫിയ സംഘങ്ങളായി പ്രവർത്തിക്കുന്ന ഏതാനും ചിലർ ജനാധിപത്യത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധതയുടെയും പ്രച്ഛന്നത്തിൽ, ആർക്ക് വോട്ട് ചെയ്യണമെന്ന് കൃത്യമായി പറയാതെ, ന്യൂനപക്ഷ സമുദായ സംഘങ്ങളെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിൽ ചിന്താ കുഴപ്പം സൃഷ്ടിക്കുകയാണ്.
ദേശീയതലത്തിൽ പ്രതിപക്ഷം ഒറ്റക്ക് കൂടുതൽ സീറ്റ് നേടിയില്ലെങ്കിൽ രാഷ്ട്രപതി മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുക ബിജെപിയെയാണ് എന്നൊക്കെ ഇവർക്ക് വ്യക്തമായി അറിയാം. അധികാര രാഷ്ട്രീയത്തിന്റെ കാര്യസ്ഥൻമാരാകാൻ മോഹിക്കുന്ന സാമൂഹ്യവിരുദ്ധ രാഷ്ട്രീയ കുറ്റവാളി സംഘങ്ങളെ വളരെ ജാഗ്രതയോടെ തുറന്നു കാണിക്കണമെന്ന് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ രാഷ്ട്രീയ ചരിത്രം നമ്മെ ജാഗ്രതപ്പെടുത്തുന്നുണ്ട്.
ഹിന്ദുത്വ ഫാസിസത്തെ സമ്പൂർണ്ണമായി അധികാര ഭ്രഷ്ടരാക്കുക എന്ന നിർണായകമായ ഏക ലക്ഷ്യത്തിൽ രാജ്യവ്യാപകമായി കാല്‍പ്പാടുകളുള്ള, ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പ് യുദ്ധത്തിലെ കേന്ദ്ര ബിന്ദുവാണ് എന്നിരിക്കെ ആ ചരിത്രപരമായ സാഹചര്യത്തെ ജന മനസ്സിൽ നിന്ന് മറച്ചു പിടിക്കാനാണ് സമൂഹത്തിൽ ഒരു സ്വാധീനവുമില്ലാത്ത, ഒരു സംഭാവനയും ചെയ്യാത്ത അധികാര വാഞ്ഛയുമായി നടക്കുന്ന സോഷ്യൽ ഫാസിസത്തിന്റെ കാര്യസ്ഥന്മാർ തെരഞ്ഞെടുപ്പിൽ ആര് തെരഞ്ഞെടുക്കപ്പെടണമെന്ന് കൃത്യമായി പറയാതെ അശ്ലീല രാഷ്ട്രീയം പയറ്റുന്നത്.
സമ്പൂർണ്ണ ഇസ്ലാമോഫോബിക്കായ സിപിഎമ്മിന്റെ ജീർണ്ണ ഗന്ധം ഇവരിലൂടെ പുറത്തുവരുന്നുണ്ട്.സംഘപരിവാറിന്റെ ചാതുർവർണ്യ സാമൂഹ്യക്രമം മാത്രം വിശദീകരിച്ച് അതിന്റെ സാമ്രാജ്യത്വ ഉദ്ഗ്രഥനവും
ന്യൂനപക്ഷ വംശഹത്യയും, ‘സവർക്കറൈസേഷൻ’ എന്ന ‘മുസ്ലിം മുക്ത ഇന്ത്യ’ പദ്ധതിയും സാമാന്യവൽക്കരിച്ച് ഇന്ത്യൻ ഫാസിസത്തെ ഒരു പൗരാണിക പ്രശ്നം മാത്രമായി അവതരിപ്പിക്കുന്നവർ വ്യാജ ഇടതുപക്ഷ
സോഷ്യൽ ഫാസിസ്റ്റുകളുടെ ആശയമാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
അതുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്താനും, ദേശീയതലത്തിൽ ഒറ്റക്കക്ഷിയായി കോൺഗ്രസ് വിജയം കൈവരിക്കാനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് മനസ്സിലാക്കി, ഇരയെയും വേട്ടക്കാരനെയും തിരിച്ചറിയാനാകാത്ത വിധം മറച്ചു പിടിക്കാൻ കോർപ്പറേറ്റ് ഇടതുപക്ഷത്തിന്റെ രഹസ്യ ഉദ്യാനപാലകരായി പ്രവർത്തിക്കുന്ന സംഘങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് എത്രമാത്രം അനിവാര്യമാണെന്ന്
ഫാസിസ്റ്റ് വിരുദ്ധ പോരാട്ട ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.