‘‘ഞാൻ എവിടെയും പോവുന്നില്ലല്ലോ… ജോലിക്ക് (തൊഴിൽ) പോകുന്നതു പോലെയല്ലേ…’’ – എന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിൻ്റെ വാക്കുകളാണ്. വടകരയിലേക്ക് തന്നെ യാത്രയയയ്ക്കാൻ വന്ന നാട്ടുകാരോടായിരുന്നു കോൺഗ്രസ് യുവനേതാവിൻ്റെ പ്രതികരണം. വളരെ വൈകാരികമായുള്ള യാത്രയപ്പ് എന്ന് എന്ന് മലയാള മനോരമയടക്കമുള്ള മുൻനിര മാധ്യമങ്ങൾ ഷാഫിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി വാർത്തയും കൊടുത്തു. എന്നാൽ ഷാഫിയേ പോലുള്ളവർ രാഷ്ട്രീയത്തെ ഒരു തൊഴിലായിട്ടാണ് കാണുന്നത് എന്നല്ലേ അതിനർത്ഥം.
ഷാഫി പറഞ്ഞത് ശരിയല്ലേ? അത് അദ്ദേഹത്തിൻ്റെ തൊഴിലല്ലേ എന്ന് ചോദിക്കുന്നവരോട് ഒരു കഥ സൊല്ലുട്ടുമാ??ഇതൊരു പഴയ കഥയാണ്.പുതിയ കാലത്തെ ഷാഫി പറമ്പിൽ മോഡൽ രാഷ്ട്രീയക്കാർ ഇന്ന് ഇത് കേട്ട് ചിരിക്കും..
വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കളടക്കം എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധിസംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.
അവരോട് ഹോച്ചിമിന്‍ ചോദിച്ചു.
“നിങ്ങളുടെ തൊഴിലെന്താണ്?”
“രാഷ്‌ട്രീയം?”
നേതാക്കള്‍ മറുപടി പറഞ്ഞു.
“മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരായിരിക്കുന്നത്?”
ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു.
”രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍.”
നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ് വീണ്ടും ചോദിച്ചു.
”അല്ല, ഞാന്‍ ചോദിക്കുന്നതു നിങ്ങളുടെ ഉപജീവനമാര്‍ഗം എന്താണെന്നാണ്?”
ആ ചോദ്യത്തിനു മുമ്പില്‍ ലജ്ജയോടെ തലതാഴ്‌ത്താനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.
അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു.
”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്. അതിരാവിലെ എണീറ്റു ഞാന്‍ കൃഷിപ്പാടത്തു പോകുന്നു. ഏതാനും മണിക്കൂര്‍ എന്റെ കൃഷിയിടത്തില്‍ പണിയെടുത്ത ശേഷമാണു ഞാന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ദിവസവും ഓഫീസിലേക്കു പോകുന്നത്.”
അങ്ങനെയുള്ള രാഷ്‌ട്രീയക്കാരുടെ കാലം ഇന്ത്യയിലും വരുമോ? ടാറ്റാ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് വര്‍ഷങ്ങള്‍ക്കുമുമ്പു നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തിയതു രാഷ്‌ട്രീയം ഉപജീവനമാര്‍ഗമാക്കിയ ആറുലക്ഷം പേര്‍ നമ്മുടെ രാജ്യത്തുണ്ടെന്നാണ്.ഇപ്പോൾ അതിൽ മൂന്ന് ഇരട്ടിയിലേറെ വർധനയുണ്ടായിരിക്കുന്നു എന്നത് വേറൊരു സത്യം. രാഷ്ട്രീയത്തിനൊപ്പം പണിയെടുത്തു കഴിയണം എന്ന് ചിന്തിക്കുന്ന അങ്ങനെ ജീവിക്കുന്ന എത്ര രാഷ്ട്രീയക്കാർ ഉണ്ട് നമ്മുടെ രാജ്യത്ത്?