സ്വയരക്ഷയ്ക്കായി ഉപദ്രവിച്ചയാളെ തിരിച്ചാക്രമിച്ചു : യുവതിക്ക് പിഴ വിധിച്ച് മുംബൈ കോടതി

മുംബൈ: ഉപദ്രവിച്ചയാളെ സ്വരക്ഷയ്ക്കായി തിരിച്ചാക്രമിച്ച സ്ത്രീയ്ക്ക് പിഴചുമത്തി കോടതി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോളേജ് അധ്യാപികയായ സ്ത്രീയ്ക്ക് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി ആയിരം രൂപ പിഴശിക്ഷ നല്‍കിയത്.

  

സ്വരക്ഷയ്ക്കായാണ് ആക്രമിച്ചതെന്നും ശിക്ഷ നല്‍കരുതെന്നുമുള്ള അധ്യാപികയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. തന്നെ ഉപദ്രവിച്ചതിനെ തുടര്‍ന്നുണ്ടായ രോഷത്തിലാണ് തിരിച്ചാക്രമിച്ചതെന്നകാര്യം പരിഗണിച്ച് യുവതിയ്ക്ക് പിഴശിക്ഷ മാത്രമാണ് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. അധ്യാപികയെ ഉപദ്രവിച്ച അറുപത്തൊന്നുകാരനായ അയല്‍വാസിയ്ക്ക് കോടതി ഒരു കൊല്ലത്തെ തടവ് ശിക്ഷ വിധിച്ചു.

  

2015 സെപ്റ്റംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതി അയാളുടെ വീട്ടിലേക്കുള്ള ഇടവഴി അടിച്ചുവാരി ആ പൊടി യുവതിയുടെ നേര്‍ക്കെറിഞ്ഞു. യുവതി ഇതെതിര്‍ത്തതോടെ യുവതിയ്ക്കുനേര്‍ക്ക് അസഭ്യവര്‍ഷം ആരംഭിക്കുകയും യുവതിയെ കടന്നുപിടിച്ച് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു.

   

ഇത് ചെറുക്കാനായി യുവതി തന്റെ കയ്യിലിരുന്ന കുടകൊണ്ട് പ്രതിയുടെ കണ്ണട അടിച്ചു പൊട്ടിക്കുകയും മുഖത്ത് പരിക്കേല്‍പിക്കുകയും ചെയ്തു. അധ്യാപികയുടെ അമ്മ സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ല. തുടര്‍ന്ന് അവര്‍ കാലാ ചൗക്കി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. അതേ ദിവസം തന്നെ പ്രതിയും യുവതി തന്നെ ആക്രമിച്ചതായി പരാതി നല്‍കി. ഒരേ സംഭവമായതിനാല്‍ രണ്ട് കേസുകളിലും കോടതി ഒന്നിച്ചാണ് വിചാരണ നടത്തിയത്.

   

Read more : 

   

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ നഖത്തില്‍പ്പോലും തൊടാന്‍ ഒരു പുരുഷനും അനുവാദമില്ലെന്ന് വയോധികന് ശിക്ഷ വിധിക്കവെ കോടതി പ്രസ്താവിച്ചു. കൂടാതെ, ഒരു പുരുഷന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനുപിന്നിലെ ഉദ്ദേശ്യം വ്യക്തമായി മനസിലാക്കാനുള്ള ആറാം ഇന്ദ്രിയം എല്ലാ സ്ത്രീകളിലുമുണ്ടെന്നും കോടതി പറഞ്ഞു. അടിസ്ഥാനമില്ലാതെ ഒരു സ്ത്രീയും ഇത്തരം പരാതിയുമായി മുന്നോട്ടുവരില്ലെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

   

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും വീട്ടിനകത്തും പുറത്തും അവര്‍ സുരക്ഷിതരല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്രതിയ്ക്ക് ശിക്ഷ നല്‍കുന്നത് സമാനകുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് പാഠമായിരിക്കാനാണെന്നും കോടതി വ്യക്തമാക്കി.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ