മെക്‌സിക്കോ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസില്‍ ആര്‍മര്‍ (വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിന് ചുമതലയുള്ള വ്യക്തി) ഹന്ന ഗുട്ടീരസ് കുറ്റക്കാരായാണെന്ന് കോടതിയുടെ കണ്ടെത്തൽ.
മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഹന്ന കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ‘റസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ന്യൂമെക്‌സിക്കോയിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.
ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛനായാണ് ബോള്‍ഡ്വിന്‍ അഭിനയിച്ചിരുന്നത്.
ബോള്‍ഡ്വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. ഹലീന ഹച്ചിന്‍സ് മരിക്കുകയും സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ഹന്നയെ ബലിയാടാക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. തിരക്കഥയില്‍ ഇല്ലാത്ത ഭാഗമാണ് ബാള്‍ഡ്വിന്‍ റിഹേഴ്‌സല്‍ ചെയ്തത്. ഇതെക്കുറിച്ച് ഇരുപത്തിയാറുകാരിയായ ഹന്നയ്ക്ക് അറിവില്ലായിരുന്നുവെന്നും പ്രതിഭാഗം കൂട്ടിച്ചേര്‍ത്തു.
Read More……
സിനിമാ ചിത്രീകരണത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഹന്ന അവഗണിച്ചുവെന്നാണ് പോസിക്യൂഷന്‍ വാദിച്ചത്.
ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ചിത്രീകരണത്തിനുപയോഗിച്ച പ്രോപ്പ് ഗണ്‍ ഹന്ന വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
ഹലീന ഹച്ചിന്‍സ് മരിച്ചതിന് പിന്നാലെ ബോള്‍ഡ്വിന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ തന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നും അതിയായ ദുഃഖമുണ്ടെന്നും ബോള്‍ഡ്വിന്‍ പറഞ്ഞു. ബാള്‍ഡ്വിന്റെ വിചാരണ ജൂലൈ മാസത്തില്‍ നടക്കാനിരിക്കുകയാണ്.