തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ മൂന്ന് ഗോശാലകളിലേക്കായി കേരള ഫീഡ്സ് പ്രത്യേകമായി തയ്യാര്‍ ചെയ്ത ഗോകുലം കാലിത്തീറ്റയുമായി ആദ്യ ലോഡ് പുറപ്പെട്ടു. ഗോകുലം, ഗോകുലം പ്ലസ് എന്നീ ബ്രാന്‍ഡുകളിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന് മാത്രമായി പ്രത്യേകം കാലിത്തീറ്റ കേരള ഫീഡ്സ് തയ്യാറാക്കിയത്. ഇതോടെ കസ്റ്റമൈസ്ഡ് കാലിത്തീറ്റ ഉത്പാദനത്തിലേക്ക് കേരള ഫീഡ്സ് കടന്നു.
കല്ലേറ്റുംകരയിലെ കമ്പനി ആസ്ഥാനത്തു നിന്നും ആദ്യ ലോഡ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മുന്നോട്ടു പോകുന്ന സ്ഥാപനമാണ് കേരള ഫീഡ്സെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമായ പദ്ധതികള്‍ കേരള ഫീഡ്സ് ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍, കവീട്, മലപ്പുറം ജില്ലയിലെ വേങ്ങാട് എന്നിവിടങ്ങളിലാണ് ദേവസ്വത്തിന്‍റെ ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടേക്കാവശ്യമായ കാലിത്തീറ്റ മുഴുവനും ഇനി മുതല്‍ ഗോകുലം ബ്രാന്‍ഡിലാകും കേരള ഫീഡ്സ് നല്‍കുന്നത്. ദേവസ്വം ഗോശാല അധികൃതരുമായി ചര്‍ച്ച ചെയ്തതിനു ശേഷം അവരുടെ ആവശ്യപ്രകാരമുള്ള പോഷകഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗോകുലം കാലിത്തീറ്റകള്‍ കേരള ഫീഡ്സ് ഉത്പാദിപ്പിക്കുന്നത്.