പേട്ടയിൽ രണ്ടര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ വിശദീകരണത്തിൽ പൊരുത്തക്കേട്. തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ നിന്നും ഫെബ്രുവരി 19ന്കാണാതായ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന് രണ്ടാഴ്ചകാലത്തോളം ഒരു വ്യക്തതയും നൽകാനാവാത്ത പൊലീസ് ഇന്നലെയാണ് പ്രതിയെ പിടിച്ചു എന്നവകാശവാദവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പോക്സോ കേസിലടക്കം എട്ടോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ തിരുവനന്തപുരം നാവായിക്കുളത്ത് താമസിക്കുന്ന ഹസൻകുട്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പ്രതിയെ പിടിച്ച ശേഷം പൊലീസ് നൽകുന്ന വിശദീകരണം പൂർണമായും വിശ്വസനീയമല്ല.
കുട്ടിയെ കാണാതാവുന്നതിന് മുമ്പാണ് ഹസൻകുട്ടി ജയിലിൽ നിന്നും ഇറങ്ങുന്നത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണത്തിൽ പറയുന്നത്. ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കടത്തിക്കൊണ്ട് പോകുന്നതിനിടയിൽ കുട്ടികരഞ്ഞു. ഒച്ച കേൾക്കാതിരിക്കാൻ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. കുട്ടി ബോധരഹിതയായപ്പോൾ മരിച്ചെന്ന് കരുതി കുട്ടി കടന്നുറങ്ങിയതിന് 450 മീറ്റർ അകലത്തിലുള്ള ഓടയിൽ ഉപേക്ഷിച്ചു എന്നാണ് പൊലീസ് പറയുന്നത്.
2022ൽ മറ്റൊരു കുട്ടിയെ ഉപദ്രവിച്ചതടക്കം പോക്‌സോ കേസുകളിൽ പ്രതിയാണ് ഹസൻകുട്ടിയെന്നും പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു കൊണ്ടാണ് പൊലീസ് ഹസൻകുട്ടിയാണ് പ്രതി എന്ന് സമർത്ഥിക്കുന്നത്. വ്യക്തമാക്കി നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് പറയുന്ന പൊലീസിന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ഉപേക്ഷിച്ചതിനും ഇടയിലുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. അത് കൃത്യമായി അന്വേഷിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഇവിടെയാണ് പൊലീസ് വിശദീകരണത്തിലെ പ്രധാന പൊരുത്തക്കേട്.
രണ്ടാഴ്ച കാലമായി നഗരത്തിലെ അതീവ സുരക്ഷാ മേഖലയിൽ നടന്ന കുറ്റകൃത്യത്തിലെ പ്രതിയെ പിടിക്കാൻ കഴിയാത്തതിനാൽ നിരവധി വിമർശനങ്ങളാണ് പൊലീസിനെതിരെ ഉയർന്നത്. പ്രതിയെപ്പറ്റി യാതൊരു വിവരവും ലഭിക്കാത്ത വീഴ്ച മറയ്ക്കാൻ പൊലീസ് ഒരുക്കിയ തിരക്കഥയിലെ കഥാപാത്രമാണോ പിടികൂടിയ പ്രതി എന്നാണ് സംശയിച്ചാലും അതിശയോക്തിയില്ല. കാണാതായി 20 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയ അതേ സ്ഥലത്ത് രാവിലെ നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. പൊലീസ് ഇന്നലെ നൽകിയ വിശദീകരണ പ്രകാരം രാത്രി തന്നെ പ്രതി കുട്ടിയെ അവിടെ ഉപേക്ഷിച്ചെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ രാവിലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് പൊലീസാണ്. പിന്നീട് ഇരുപത് മണിക്കൂർ കഴിഞ്ഞ് കുട്ടിയെ സംഭവസ്ഥലത്ത് നിന്നും 450 മീറ്റർ അകലെയുള്ള ഓടയിൽ നിന്നും കണ്ടെത്തിയപ്പോൾ പൊലീസ് കേന്ദ്രങ്ങൾ നൽകിയ സൂചനയും മേൽ പറഞ്ഞ സംശയത്തിന് ബലം നൽകുന്നു. പിടിക്കപെടുമെന്ന് ഉറപ്പായപ്പോൾ പ്രതി/ പ്രതികൾ കുട്ടിയെ പിന്നീട് ഓടയിൽ ഉപേക്ഷിച്ചു എന്നായിരുന്നു നിഗമനമെന്നാണ് പൊലീസ് പറഞ്ഞത്.
പ്രതിയുടെ രേഖാചിത്രം ഉൾപ്പെടെ തയ്യാറാക്കിയായിരുന്നു അന്വേഷണം എന്നും പൊലീസ് പറയുന്നു. ദിവസങ്ങളോളം പ്രതിയുടെ പിന്നാലെയായിരുന്നു എന്ന കാര്യവും വിശദീകരണത്തിലുണ്ട്. പ്രതിയുടേത് എന്ന് പറയുന്ന രേഖാചിത്രം ഇതുവരെ പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. എല്ലാക്കേസുകളിലും രേഖാചിത്രം പരസ്യപ്പെടുത്തുന്ന പതിവില്ലെങ്കിലും ഈ കേസിൽ അതിൻ്റെ ആവശ്യകതയുണ്ടായിരുന്നു എന്ന് ഇന്നലെ പൊലീസ് നൽകിയ വിശദീകരണത്തിൽ വ്യക്തമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രതിക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതിനാലും വിലാസമില്ലാത്തതിനാലും ഏറെ പണിപ്പെട്ടാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യമാണ് രേഖാചിത്രം പരസ്യപ്പെടുത്താത്ത സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
ദിവസങ്ങളോളം പൊലീസിന് നാണക്കേടുണ്ടാക്കിയ കേസിൽ പൊലീസ് തന്നെ പ്രതിയെ സൃഷ്ടിച്ച് തലയൂരിയോ എന്ന സംശയമാണ് പൊലീസ് തന്നെ നൽകുന്ന വിശദീകരണത്തിലൂടെ ഉയരുന്നത്. ഒരു കുറ്റകൃത്യം നടക്കുമ്പോൾ പൊലീസ് ആദ്യം അന്വേഷിക്കുന്നത് സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ള പ്രതികളെപ്പറ്റിയാണ്. അവരിൽ എത്ര പേർ നിലവിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും പുറത്ത് കഴിയുന്നുണ്ടെന്നും അന്വേഷിക്കും.ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നുമാകാം ഹസൻകുട്ടി കുട്ടിയെ കാണാതാകുന്നതിനും രണ്ട് ദിവസം മുമ്പ് ജയിലിൽ നിന്നും ഇറങ്ങി എന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
പല കേസുകളിലും യഥാർത്ഥ പ്രതികളെ കിട്ടാതാകുമ്പോൾ ജയിലിന് പുറത്തുള്ള ശിക്ഷിക്കപ്പെട്ട അതേ കുറ്റകൃത്യങ്ങൾ നടത്തിയവരുടേയോ സ്ഥിരം കുറ്റവാളികളുടേയോ തലയിൽ കുറ്റം കെട്ടിവെച്ച് കേസ് അവസാനിപ്പിക്കുന്ന സ്ഥിരം പൊലീസ് കലാപരിപാടിയാണോ ഇവിടെ നടന്നിട്ടുള്ളത് എന്ന സംശയമാണ് നിലവിൽ ഉയരുന്നത്. കാണാതായ കുട്ടിയുടെ മാതാപിതാക്കൾ എന്നവകാശപ്പെടുന്ന ബിഹാർ സ്വദേശികൾ യഥാർത്ഥ രക്ഷിതാക്കൾ തന്നെയാണോ എന്നറിയാൻ ഡിഎൻഎ പരിശോധന പൊലീസ് നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വരാനിരിക്കെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പിടിച്ച പ്രതി ഒർജിനൽ പ്രതിയാണോ എന്നറിയാൻ വല്ല പരിശോധനയുമുണ്ടെങ്കിൽ അതും നടത്തേണ്ടി വരേണ്ട വിശദീകരണമാണ് കഴിഞ്ഞ ദിവസം പൊലീസ് നൽകിയിരിക്കുന്നത്.