കല്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മരണപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും വയറും ചെരിപ്പും കണ്ടെത്തി. കേസിലെ പ്രധാന പ്രതി സിൻജോ ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പർ മുറിയിലും നടുത്തളത്തിലും ഉൾപ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ താമസിക്കുന്ന ഇരുപത്തിയൊന്നാം നമ്പർ മുറിയിൽ നിന്നാണ് ഗ്ലൂ ഗൺ കണ്ടെടുത്തത്. മുപ്പത്തിയാറാം നമ്പർ മുറിയിൽ നിന്ന് മർദ്ദിക്കാൻ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി.
സിദ്ധാർത്ഥനെ മർദിച്ച് കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
‘സിദ്ധാർത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവിൽ പരസ്യ വിചാരണ നടത്തി. വരുന്നുവരും പോകുന്നവരും തല്ലി. ക്രൂരമായി ഉപദ്രവിച്ചു. ബെൽറ്റും വയറും ഉപയോഗിച്ചാണ് തല്ലിയത്. സിദ്ധാർത്ഥന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശം. ജീവനിൽ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’- വിദ്യാർത്ഥിനി ശബ്ദരേഖയിൽ പറയുന്നു.
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സമർത്ഥിച്ച റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പ്രതികൾക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലിൽ അലിഖിത നിയമം ഉണ്ടായിരുന്നുവെന്നും ഇതനുസരിച്ച് നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് എത്തുകയായിരുന്നു.
രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.
പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ പ്രതികൾ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ത്ഥനെ നയിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.