ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടു പരിചിതമായ വാർത്തകൾ വാളയാറിൻ്റെ അതിർത്തി കടന്ന് കേരളത്തിലും എത്തിയിരിക്കുന്നു. ഇത് കേരളമാണ് ഇവിടെ അതൊന്നും നടക്കില്ല എന്ന് വടക്കേ ഇന്ത്യയിലെ വാർത്തകൾ നോക്കി ആത്മരോഷം പൂണ്ട് പ്രതികരിച്ചിരുന്ന മലയാളികളുടെ സാംസ്കാരിക അഹംഭാവത്തിൻ്റെ ഉമ്മറത്തേക്ക് ആദ്യം ചേതനയറ്റ് വീണത് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവായിരുന്നു.
രാഷ്ട്രീയ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില പാർട്ടി കുടെ രാഷ്ട്രീയപരമായ തെറ്റുകള്‍ മാത്രം പ്രസ്താവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മലയാളികളുടെ കപട സാംസ്കാരികബുദ്ധതയുടെ ഉമ്മറത്തേക്ക് വീണ്ടും മറ്റൊരു യുവാവ് ചേതനയറ്റ് വീണിരിക്കുന്നു. വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ. കേരളത്തിലെ ക്യാംപസുകളെ വിഴുങ്ങിയിരിക്കുന്ന സംഘടനാ ഫാസിസത്തിൻ്റെ രക്തസാക്ഷിയാണ് യഥാർത്ഥത്തിൽ സിദ്ധാർത്ഥൻ എന്ന യുവാവ്. കോളേജ് ഹോസ്റ്റലിലും കോളേജിലും തങ്ങളുടേതായ അലിഖിത നിയമങ്ങൾ നിർമ്മിച്ച്, ഒരു കുടുംബത്തിൻ്റെ സ്വപ്നവും പ്രതീക്ഷയുമായ ഒരു യുവാവിൻ്റെ ജീവനെടുത്തതിന് പിന്നിൽ ‘ജനാധിപത്യം, സോഷ്യലിസം, മതേതരത്വം’ എന്നാഹ്വാനം ചെയ്ത കൊടിക്കുറപിടിക്കുന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമാണ് എന്ന വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്.
ഫെബ്രുവരി 16 മുതൽ 19 വരെ സ്വന്തം വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചു ഹോസ്റ്റലിലേക്ക് വിളിച്ച് മനുഷ്യത്വരഹിതമായ രീതിയിൽ ആൾക്കൂട്ട വിചാരണ നടത്തി ചിത്രവധം ചെയ്തതിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്ന ക്രൂര മർദ്ദനവും പരസ്യ വിചാരണയും അടയാളപ്പെടുത്തുന്നത് ഇവരുടെ യഥാർത്ഥ രാഷ്ട്രീയ ബോധമില്ലായ്മയാണ്. പാർട്ടിയുടെ രാഷ്ട്രീയ പ്രസ്താവനകളെ മാത്രം രാഷ്ട്രീയമായി കരുതുന്ന ഇവരാണോ യഥാർത്ഥ പ്രതികൾ.
തങ്ങളുടെ സഹപാഠിയെ മൂന്ന് ദിവസം ക്രൂരവും പൈശാചികവുമായി പീഡിപ്പിച്ചതിന് സാക്ഷിയായിട്ടും കണ്ടു രസിച്ചവരും പ്രതികളാണ്. സിദ്ധാർത്ഥൻ ദിവസങ്ങളായി ക്രൂര പീഡനത്തിനിരയായിട്ടും ഈ സമയങ്ങളിലൊന്നും പുറത്ത് പറയാതെ മൗനം പാലിച്ചവരും പ്രതികളാണ്. ഭയംകൊണ്ടാണ് പുറത്ത് പറയാത്തത് എന്ന ന്യായീകരണം കൊണ്ടൊന്നും ആ പാപക്കറ അവർക്കും മായിച്ച് കളയാവില്ല. നാളത്തെ പൗരൻമാരാകേണ്ട ഈ സമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഒരു തലമുറയുടെ മൗനം എന്താണ് അടയാളപ്പെടുത്തുന്നത്?? എന്താണ് ഇതിനുള്ള പരിഹാരം.
സിദ്ധാർത്ഥൻ്റെ മരണത്തിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിയോടുള്ള വിധേയത്വത്തിൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും പ്രതികൾക്ക് വേണ്ടി ന്യായീകരണം നടത്തുന്ന പ്രബുദ്ധ അടിമക്കൂട്ടങ്ങളെയാണ് പൊതുസമൂഹം ഏറ്റവും സൂക്ഷിക്കേണ്ടത്. പ്രതികളെക്കാൾ ഏറ്റവും കൂടുതൽ ശിക്ഷ അർഹിക്കുന്നവരും ഇവർ തന്നെയാണ്. സ്വന്തം അമ്മയ്ക്കോ അച്ഛനോ സഹോദരങ്ങൾക്കോ ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നാലും രാഷ്ട്രീയ പ്രസ്താവനകളെ വിശ്വസിച്ച് രാഷ്ട്രീയ ബോധം കെട്ടിപ്പെടുത്തവർക്കും ചികിത്സ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആൾക്കൂട്ട വിചാരണകൾക്ക് പാകപ്പെടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയെന്നതാണോ പുരോഗമനം എന്ന് പ്രസ്താവനകളിലൂടെ മാത്രം അടയാളപ്പെടുത്തുന്ന വിദ്യാർത്ഥി സംഘടനകളുടെ ലക്ഷ്യം.ഒരു വിദ്യാർത്ഥി പ്രസ്താനത്തിൻ്റെ ആള്‍ക്കൂട്ട വിചാരണകള്‍ക്ക് പാകപ്പെട്ട, അവരെ ഭയത്തിൻ്റെ പേരിൽ അനുസരിക്കേണ്ടി വരുന്ന യുവ മനസുകളിലേക്ക് ഭരണഘടനയുടെ, മാനവികതയുടെ, അവകാശങ്ങളുടെ പാഠങ്ങള്‍ പകര്‍ന്ന് നൽകുകയാണ് അതിനുള്ള വഴി. അത് എളുപ്പമമുള്ള കാര്യമല്ല. കേരളത്തിൻ്റെ പൊതുസമൂഹം വരുംകാലങ്ങളിൽ ഇത്തരം ആൾക്കൂട്ട വിചാരണകൾക്ക് പാകപ്പെടാതിരിക്കാൻ വിദ്യാലയങ്ങളില്‍ നിന്ന് ആരംഭിക്കണം. ഇത് ഒരു വിദ്യാർത്ഥി സംഘടനയോട് അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് ഭയം മൂലം വിധേയത്വം പുലർത്താതിരിക്കാനുള്ള സമൂഹത്തിനുള്ള ചികിത്സയുടെ ആദ്യ ഘട്ടമാണ്.
അപരനോട് ഭയമല്ല കരുതലും കരുണയുമാണ് വേണ്ടത് എന്ന ബോധം പുതു തലമുറയ്ക്ക് പകര്‍ന്നു നൽകിയാലേ അട്ടപ്പാടിയിലും പൂക്കോട്ടും തലപൊക്കിയ വിധി കര്‍ത്താക്കളായ ആള്‍ക്കൂട്ടങ്ങള്‍ ചുരുങ്ങി ഇല്ലാതാകൂ. ആൾക്കൂട്ട വിചാരണക്ക് തല താഴ്ത്തിക്കൊടുക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാതിരിക്കണമെങ്കിൽ അതിനുള്ള ചികിത്സ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് മധുവിൻ്റെയും സിദ്ധാർത്ഥൻ്റെയും രക്തസാക്ഷിത്വം വിളിച്ചുപറയുന്നത്.