സൂറിച്ച്: എലൈറ്റ് ലെവല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി മുന്നോട്ടുവച്ച നീല കാര്‍ഡ് ആശയത്തെ എതിര്‍ത്ത് ഫിഫ. ഇത്തരത്തിലൊരു വിഷയം ഫിഫയ്ക്ക് മുന്നില്‍ ഇല്ലെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയാവുന്നതിന് മുമ്പ് ഇത്തരത്തില്‍ ഒരു ആശയത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ജിയാനി പറയുന്നു. നീല കാർഡുകളെ ഫിഫ പൂർണ്ണമായും എതിർക്കുന്നു. പുതിയ ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കാന്‍ തയ്യാണ്. എന്നാല്‍ ഫുട്ബോളിന്റെ സത്തയും പാരമ്പര്യവും സംരക്ഷിക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി ആദ്യവാരമാണ് ഫുട്ബോളില്‍ അച്ചടക്കം ഉറപ്പാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ക്ക് പുറമെ നീല കാര്‍ഡ് എന്ന ആശയവും പുറത്ത് വന്നത്. മഞ്ഞയില്‍ ഒതുങ്ങാത്ത എന്നാല്‍ ചുവപ്പ് കാര്‍ഡുകള്‍ നല്കാന് സാധിക്കാത്ത പ്രവൃത്തികള്‍ക്കായിരുന്നു നീല കാര്‍ഡ്. മത്സരത്തിൽ അനാവശ്യമായ ഫൗളുകൾ, ഒഫീഷ്യൽസിനോടുള്ള അപമര്യാദയായുള്ള പെരുമാറ്റം തുടങ്ങിയ അച്ചടക്ക ലംഘനങ്ങൾക്കാണ് നീല കാർഡ് ഉയർത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈ കാർഡ് ലഭിച്ചാൽ കളിക്കാരൻ പത്ത് മിനിറ്റോളം മൈതാനത്തിന് പുറത്തിരിക്കേണ്ടി വരും. ഒരു മത്സരത്തിൽ രണ്ട് നീലക്കാർഡ് ലഭിച്ച കളിക്കാരന് പിന്നെ ആ മത്സരത്തിൽ കളത്തിലിറങ്ങാനാവില്ല. മഞ്ഞയ്ക്കൊപ്പം നീല കാര്‍ഡ് കിട്ടിയാലും അത് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നതിന് സമം എന്ന തരത്തിലായിരുന്നു അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡ് തങ്ങളുടെ ആശയം അവതരിപ്പിച്ചത്. എന്നാല്‍ പ്രസ്തുത നിര്‍ദേശത്തെ പൂര്‍ണമായി തള്ളിയിരിക്കുകയാണ് നിലവില്‍ ഫിഫ.