തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യില്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന 2024 അധ്യയന വര്‍ഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമില്‍ ചേരുന്നതിന് ഗാറ്റ് – ബി യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഡിസീസ് ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നിവയില്‍ സ്പെഷ്യലൈസേഷനോടു കൂടിയ എംഎസ് സി ബയോടെക്നോളജി കോഴ്സാണ് ആര്ജിസിബിയിലേത്. നാല് സെമസ്റ്ററുകളുള്ള രണ്ട് വര്‍ഷത്തെ കോഴ്സില്‍ ഓരോ സ്പെഷ്യലൈസേഷനിലും 10 വിദ്യാര്‍ത്ഥികള്‍ക്ക് വീതം ആകെ 20 സീറ്റുകളുണ്ട്.
ഗാറ്റ് – ബി സ്കോറിന് പുറമെ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപേക്ഷകര്‍ക്ക് സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന് എന്നിവയുടെ ഏതെങ്കിലും ശാഖയിലെ ബിരുദത്തില്‍ മൊത്തം 60 ശതമാനം മാര്‍ക്ക് (അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് പോയിന്റ്) ഉണ്ടായിരിക്കണം. എസ് സി, എസ്ടി, ഒബിസി (നോണ്‍ ക്രീമിലെയര്‍) വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുഡി) 55 ശതമാനം മാര്‍ക്ക് മതിയാകും.
കോഴ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷം 6000 രൂപയും രണ്ടാം വര്‍ഷം 8000 രൂപയും പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും. ആര്‍ജിസിബി കാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
യോഗ്യതാ ബിരുദ കോഴ്സിന്റെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ബിരുദ പ്രോഗ്രാമില്‍ ആവശ്യമായ മാര്‍ക്ക് നേടിയതിന്റെ തെളിവ് പ്രവേശന സമയത്തും ഹാജരാക്കാം. ഓരോ വിഭാഗത്തിനും ആര്‍ജിസിബി നിശ്ചയിച്ച ഗാറ്റ്-ബി കട്ട്-ഓഫ് റാങ്ക്/സ്കോര്‍ അടിസ്ഥാനമാക്കിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.
ഗാറ്റ്-ബി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം കൗണ്‍സിലിംഗ് പ്രക്രിയ ആരംഭിക്കും. 2024 ഓഗസ്റ്റ് ഒന്നിന് ക്ലാസുകള്‍ തുടങ്ങും. ഗാറ്റ്-ബി പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 6.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://rcb.res.in/DBTPG/, https://rgcb.res.in/msc-adm.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ