വിലാസിനി നോവല്‍ പുരസ്‌കാരം ഷാനവാസ് പോങ്ങനാടിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വിലാസിനി സ്മാരക നോവല്‍ പുരസ്‌കാരത്തിന് ശ്രീ. ഷാനവാസ് പോങ്ങനാടിന്റെ ‘നിലംതൊട്ട നക്ഷത്രങ്ങള്‍’ എന്ന കൃതി അര്‍ഹമായി. പ്രശസ്ത നോവലിസ്റ്റ് വിലാസിനി എന്ന എം.കെ.മേനോന്റെ പേരില്‍ വിലാസിനി സ്മാരക സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 30,000 രൂപയും ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

    

ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും നീല പത്മനാഭന്‍, ഡോ.കവടിയാര്‍ രാമചന്ദ്രന്‍, കെ.പി.സായ്‌രാജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ശ്രീ. ജോയി വാഴയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വിലാസിനി സ്മാരക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.സായ്‌രാജ് അറിയിച്ചു. മാധ്യമം, മലയാളം ന്യൂസ് (സൗദിഅറേബ്യ) എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഷാനവാസ് പോങ്ങനാട് നോവല്‍, ഓര്‍മ്മക്കുറിപ്പുകള്‍, ബാലസാഹിത്യം എന്നിവയിലായി പതിനൊന്നോളം കൃതികള്‍ രചിച്ചിട്ടുണ്ട്.

    

കാന്‍സര്‍ അതിജീവനത്തിന്റെ അനുഭവക്കുറിപ്പായ ഉച്ചമരപ്പച്ച ‘ബ്ലൂംസ് ഓഫ് റെജുവിനേഷന്‍’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. കിളിക്കാറ്റ്, മഷിചരിഞ്ഞ ആകാശം, പച്ചകുത്തിയ നിലങ്ങള്‍, കടല്‍പ്പൂവിതകളുകള്‍ എന്നിവ പ്രധാന കൃതികള്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസം. ഭാര്യ: അനസൂയ ആര്‍. മക്കള്‍: അശ്വിനി എസ്. ആത്മജ് എസ്.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ