കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലാകാനുള്ള 4 പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
സൗദ് റിസാൽ, കാശിനാഥൻ, അജയകുമാർ, സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കേസിൽ ഇതുവരെ 11 പേരാണ് പിടിയിലായത്. പ്രതിപ്പട്ടികയിലുള്ള 18 പേരിൽ മുഖ്യപ്രതി അടക്കം 7 പേർ ഒളിവിലാണ്.
കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്.
സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ കുറ്റകൃത്യത്തിനു നേതൃത്വം നൽകിയ 19 പേരെ കോളജിൽനിന്നു പുറത്താക്കാനും 3 വർഷത്തേക്കു മറ്റൊരു കോഴ്സിനും ചേരാനാകാത്തവിധം വിലക്കാനും തീരുമാനിച്ചു. വിദ്യാർഥികൾക്ക് അപ്പീൽ പോകാനുള്ള അവസരമുണ്ട്.
Read More…….
- എസ്എഫ്ഐ കേരളത്തിൽ ലഹരി കൊണ്ട് കെട്ടിപൊക്കിയ ഹോസ്റ്റലുകൾ ജനങ്ങൾ ഇടിച്ച് നിരത്തണം’: രാഹുൽ മാങ്കൂട്ടത്തിൽ
- സിദ്ധാർത്ഥിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടു
- ലോകായുക്ത നിയമഭേദഗതി ബില്ല് ഒപ്പിട്ട് ഗവർണർ; വിജ്ഞാപനം ഉടൻ
- പേടിപ്പിച്ചാൽ പേടിക്കുന്നയാള് വേറെ, മേലു നോവാതെ നോക്കുന്നത് നന്ന്; പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ
- സിദ്ധാര്‍ത്ഥന്റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്, രാജ്യത്തെവിടെയും പഠിക്കാനാകില്ല
നാട്ടിലേക്കു പോയ സിദ്ധാർഥനെ ക്യാംപസിലേക്കു തിരിച്ചുവിളിക്കുകയും പ്രധാന പ്രതികളുടെ നിർദേശമനുസരിച്ചു സിദ്ധാർഥനെ മർദിക്കുകയും ചെയ്തതുൾപ്പെടെ കുറ്റങ്ങൾ ചെയ്ത 10 വിദ്യാർഥികളെ കോളജിൽനിന്നു പുറത്താക്കും. അവർക്ക് ഒരു വർഷത്തേക്കു പരീക്ഷയെഴുതാനാകില്ല.
ആശുപത്രിയിൽ കൊണ്ടുപോകാൻ സിദ്ധാർഥൻ അപേക്ഷിച്ചിട്ടും കേൾക്കാതിരുന്ന 2 പേരെ ഹോസ്റ്റലിൽനിന്നു പുറത്താക്കും. അവർക്ക് ഇന്റേണൽ പരീക്ഷ എഴുതാനാകില്ല.
മർദനങ്ങൾക്കു നിശ്ശബ്ദസാക്ഷികളാകുകയും അധികൃതരെയോ മാതാപിതാക്കളെയോ വിവരമറിയിക്കാതിരിക്കുകയും ചെയ്ത എല്ലാ വിദ്യാർഥികളെയും 7 പ്രവൃത്തിദിവസത്തേക്കു സസ്പെൻഡ് ചെയ്യും. വിദ്യാർഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.