കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളത്തിലെ 15,000 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലെത്തി : മുഹമ്മദ് റിയാസ്

കോട്ടയം: മൂന്ന് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചുവെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജന കാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നീർപ്പാറ-തലയോലപ്പറമ്പ് – തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നാടിന്റെ സമഗ്ര വികസനത്തിന് ഏറെ ഗുണകരമായിരിക്കും നീർപ്പാറ – തലയോലപ്പറമ്പ് – തട്ടാവേലി- ആലിൻചുവട് റോഡിന്റെ നിർമ്മാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കുകയാണ് ഈ സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. തട്ടാവേലി ജംഗ്ഷനിലുളള ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ സി. കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം. പി. മുഖ്യപ്രഭാഷണം നടത്തി.

Read More : 

   

എറണാകുളത്തുനിന്നു തലയോലപ്പറമ്പിലേക്കു പോകുന്ന നീർപ്പാറ- തലപ്പാറ റോഡിൽ നീർപ്പാറ ജംഗ്ഷനിൽനിന്നു തലയോലപ്പറമ്പിലേക്കുളള ബൈപ്പാസ് റോഡാണിത്. 7.01 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. വെളളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ചാലുംകല്ലിൽ ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചു പുനർനിർമിക്കുകയും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് ദീർഘകാലം നില നിൽക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കാനകൾ. ക്രോസ് ഡ്രൈനുകൾ, ഐറിഷ് ഡ്രൈനുകൾ എന്നിവ നിർമിച്ചിട്ടുണ്ട്. വെള്ളക്കെട്ട് കൂടുതലുള്ള രണ്ടിടങ്ങളിൽ ഇന്റർലോക്കിങ് ടൈൽ വിരിച്ചിട്ടുമുണ്ട്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. നികിതകുമാർ, സുകന്യ സുകുമാരൻ, എൻ. ഷാജിമോൾ( , പി. പ്രീതി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്. പുഷ്പമണി, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം ശീമോൻ, രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി ശിവൻ, വി.ടി. പ്രതാപൻ, വെളളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിനി സജു, വെള്ളൂർ ഗ്രാമപഞ്ചായത്തംഗം സുമ സൈജിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സാബു പി. മണലോടി, എൻ.എം. താഹ, പി.സി. ബിനേഷ്‌കുമാർ, ബെപ്പിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.