മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കപ്പെട്ട ഇഷാന് കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. ഇരുവുരേയും കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഇതോടെ വരുന്ന ടി20 ലോകകപ്പില്‍ രണ്ട് പേര്‍ക്കും സ്ഥാനം പിടിക്കാനാവില്ല.
ഇഷാനെ പരിഗണിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകള്‍ വര്‍ധിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം മതിയാകും സഞ്ജുവിന്. ഇരുവര്‍ക്കും കൂടുതല്‍ മത്സരങ്ങള്‍ നഷട്മാകുമെന്നതിനെ കുറിച്ച് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ… ”കിഷന് ആവശ്യപ്പെട്ടതു പ്രകാരമാണ് അദ്ദേഹത്തിന് അവധി അനുവദിച്ചത്. പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനോ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്താനും അദ്ദേഹം വിമുഖത കാണിച്ചു. പകരം ഒറ്റയ്ക്കു പരിശീലനം തുടങ്ങി. അതുകൊണ്ടുതന്നെ താരത്തിന് കരാര്‍ നല്‍കാനുള്ള സാഹചര്യം ഇപ്പോഴില്ല. ഇരു താരങ്ങള്‍ക്കും ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിച്ച് ടീമിലേക്കു മടങ്ങിവരാന്‍ അവസരമുണ്ട്.” ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് പുറത്തുപോയ കിഷന് ഡിസംബര്‍ മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐയുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇരുവരും ചെവികൊണ്ടില്ല. ഇതുതന്നെയാണ് ബിസിസിഐ ചൊടിപ്പിച്ചത്. ശ്രേയസ് ഒടുവില്‍ രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈക്ക് വേണ്ടി കളിക്കാമെന്നേറ്റിരുന്നു.
ഇരുവരേയും മാറ്റിനിര്‍ത്താനുള്ള ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര് രംഗത്തെത്തിയിരുന്നു. നല്ല തീരുമാനമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. രവി ശാസ്ത്രിയും തിരുമാനത്തെ പിന്തുണച്ചിരുന്നു.